ഇടുക്കി: തൊടുപുഴയിൽ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കാൻ സാദ്ധ്യത. അരുൺ കുട്ടികളെ മർദിച്ച വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ഇളയ കുട്ടിയുടെ സംരക്ഷണം തുടർന്നും അമ്മയെ ഏൽപ്പിക്കുന്നതിൽ ശിശുസംരക്ഷണ സമിതി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു.
ബിടെക് ബിരുദധാരിയായ യുവതിയുടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ വർഷം മേയിലാണ് മരിച്ചത്. ആറുമാസത്തിനു ശേഷം താനുമായി അടുപ്പത്തിലായ ഭർത്താവിന്റെ ബന്ധുവായ അരുണിനൊപ്പം മക്കളെയും കൂട്ടി യുവതി ഒളിച്ചോടി. യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും അരുണിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് അറിയിച്ചു. കുറച്ചു നാൾ തിരുവനന്തപുരത്ത് താമസിച്ച ഇവർ തൊടുപുഴയിലെത്തി ദമ്പതികളെന്ന് പരിചയപ്പെടുത്തിയാണ് വാടക വീടെടുത്തത്. അരുൺ നേരത്തേ വിവാഹിതനായിരുന്നു പിന്നീട് വിവാഹമോചനം നേടിയ അരുണിന് . 10 വയസ്സുള്ള ഒരു കുട്ടിയുണ്ട്.
''മോനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കട്ടിലിൽനിന്ന് വീണെന്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നു. പേടികൊണ്ടാണത്. ഡോക്ടറോട് പറയുമ്പോഴും ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ വന്നപ്പോഴും അരുൺ ഒപ്പമുണ്ടായിരുന്നു. എന്റെയും മക്കളുടെയും സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് അരുണിന്റെ ഉപദ്രവങ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്, എന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് മറിച്ച് ഒന്നും ശബ്ദിക്കാനായില്ല.
മക്കൾക്കെന്നെ പേടിയാണ്. ഇളയമകൻ അടുത്തേക്ക് വരാൻ പോലും കൂട്ടാക്കിയില്ല. കുട്ടികളിൽ നിന്ന് എന്നെ അകറ്റാനാണ് അവൻ ശ്രമിച്ചത്. അച്ഛൻ മരിച്ചതിന്റെ വിഷമം മാറ്റാനായി കുട്ടികളെ അമിതമായി ലാളിച്ചു. അരുണിനൊപ്പം താമസമായപ്പോൾ അയാളുടെ നിർബന്ധ പ്രകാരം ലാളന കുറച്ചു. ആൺകുട്ടികളെ ഒരുപാട് ലാളിച്ചാൽ കാര്യപ്രാപ്തിയില്ലാത്തവരായി പോകുമെന്നാണ് അയാൾ പറഞ്ഞിരുന്നത്.
മക്കളെ ഒറ്റയ്ക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂ എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപ്പെട്ട അരുൺ മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. തടയാൻ ചെന്ന തന്റെ മുഖത്തടിച്ചു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എന്റെ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്.’’ മാദ്ധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരോട് യുവതി പറഞ്ഞു.
ഏഴ് വയസുകാരനെ അരുൺ ആനന്ദ് നിരന്തരം മർദ്ദിച്ചിരുന്നതായാണ് ഇളയ സഹോദരൻ നൽകിയിരിക്കുന്ന മൊഴി. മൂന്നര വയസ്സുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകൾ കരിഞ്ഞതിന്റെ പാടുകളുണ്ട്. കുട്ടികൾ ഇത്രയേറെ മർദ്ദനമേറ്റിട്ടും പൊലീസിനെയോ ചൈൽഡ്‍ ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്ക് എതിരെ കേസെടുക്കാനുള്ള സാധ്യത തെളിയുന്നത്. ആറ് വർഷം മുമ്പ് കുമളിയിൽ അഞ്ച് വയസുകാരനെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചപ്പോൾ ഇതറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്ന പിതാവിനെതിരെ കേസെടുത്തിരുന്നു.