lucifer

സ്‌റ്റീഫൻ നെടുമ്പള്ളിയും സംഘവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ശരിക്കും സമൂഹമാദ്ധ്യമങ്ങളിൽ ലൂസിഫർ മാനിയ പിടികൂടിയിരിക്കുന്നു എന്നു തന്നെ പറയാം. പുലിമുരുകനു ശേഷം ഒരു മോഹൻലാൽ സിനിമ കാണാൻ ആരാധകർ തിയേറ്ററിലേക്ക് പ്രവഹിക്കുന്ന കാഴ്‌ചയാണ് ഇപിപോഴുള്ളത്. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമെന്ന റെക്കോഡ് സൃഷ്‌ടിച്ചു കൊണ്ട് പുലിമുരുകൻ നടത്തിയ ഐതിഹാസിക വിജയം ലൂസിഫർ ആവർത്തിക്കുമെന്നു തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ, പുലിമുരുകനെ പോലെതന്നെ സ്‌റ്റീഫൻ നെടുമ്പള്ളിയും സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്. ചിത്രത്തിൽ ലാലിന്റെ ഒരു ആക്ഷൻ സീൻ അനുകരിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തിയേറ്ററിൽ ലൂസിഫറിന് ഏറ്റവുമധികം കൈയടി ലഭിച്ചുകൊണ്ടിരിക്കുന്ന രംഗങ്ങളിൽ ഒന്നാണത്.

അതിനിടെ ചിത്രം 50 കോടി ക്ളബിലെത്തിയെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. റിലീസ് ചെയ്‌ത് നാല് ദിവസത്തിനുള്ളിലാണ് ഈ നേട്ടമെന്ന് ചില ഫേസ്ബുക്ക് പേജുകളിൽ അവകാശവാദവുമായി മോഹൻലാൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അണിയറക്കാരിൽ നിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെയുള്ള എഴുത്തിൽ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റർടെയ്‌നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.