jeff

ആമസോൺ മേധാവി ജെഫ് ബെസോസിന്റെ സ്വകാര്യ ചിത്രങ്ങൾ ചോർന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം. സൗദി അറേബ്യയാണ് ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഗേവൻ ഡി ബെക്കർ വെളിപ്പെടുത്തിയത്.

മാദ്ധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദ വാഷിങ്ടൺ പോസ്റ്റ് ദിനപത്രം സൗദിക്കെതിരെ നിരവധി വാർത്തകൾ നൽകിയതിലുള്ള പ്രകോപനമാണ് ഹാക്കിംഗിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത ശേഷമാണ് സൗദി അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഗേവൻ ഡി ബെക്കർ ആണ് വെളിപ്പെടുത്തിയത്.

ജെഫും കാമുകിയും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും,​ ചിത്രങ്ങളും ചോർന്നത് വൻ വിവാദമായിരുന്നു. ഈ വിവരം നാഷണൽ എൻക്വയറർ എന്ന മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതേസമയം,​ ജെഫിന്റെ സ്വകാര്യ വിവരങ്ങൾ ചോർന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബ ജീവിതം വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തു. ജെഫിന്റെ കാമുകിയുടെ സഹോദരന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണ്. സൗദി ഭരണകൂടത്തിൽ ഏത് വകുപ്പാണ് ഹാക്കിംഗ് നടത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഗേവൻ പുറത്തുവിട്ടിട്ടില്ല.