ആലപ്പുഴ: സുവർണ ജൂബിലി വർഷമായ 2018-2019ൽ ചരിത്ര നേട്ടവുമായി കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ.
നടപ്പുവർഷം 175 കോടി രൂപയുടെ വിറ്റുവരവാണ് കോർപറേഷൻ നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 ശതമാനമാണ് വർദ്ധന. 2005-06 വർഷത്തിൽ 2.74 കോടി രൂപയുടെ വിറ്റുവരവ് മാത്രമുണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് നടപ്പുവർഷം ഈ നേട്ടത്തിലേക്ക് കോർപറേഷൻ എത്തിയത്.
2007-08 ൽ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച്, കയർ കോർപറേഷൻ വഴി നടപ്പാക്കിയ ക്രയവില സ്ഥിരതാ പദ്ധതി വഴിയുണ്ടായ വിപണന നേട്ടമാണ് കയർ കോർപ്പറേഷന് കരുത്തായത്. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ കയർ ഭൂവസ്ത്ര പദ്ധതികളും കുതിച്ചു ചാട്ടത്തിന് സഹായകരമായി. തൊഴിലുറപ്പ് പദ്ധതി വഴി കയർ ഭൂവസ്ത്ര പദ്ധതികൾ ഏറ്റെടുത്ത് സംസ്ഥാനത്ത് നീർത്തട വികസന പരിപാടികളും മണ്ണൊലിപ്പ് നിവാരണ പ്രവർത്തനങ്ങളും വിജയകരമായി നടപ്പാക്കുന്നു.
കയർ ഉത്പന്നങ്ങൾക്ക് ആഭ്യന്തര വിപണി ഉറപ്പാക്കുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പുതിയ പദ്ധതികളും നടപ്പാക്കുന്നുണ്ട്. തൊഴിലാളികൾക്ക് മിനിമം കൂലിയും തൊഴിൽ ലഭ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് നേട്ടങ്ങൾ കൈവരിക്കാൻ കയർ കോർപറേഷന് കഴിഞ്ഞത്. തുടർ വർഷങ്ങളിലും വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പരിശ്രമത്തിലാണ് കയർ കോർപറേഷൻ. ടി.കെ.ദേവകുമാറാണ് ഇപ്പോഴത്തെ കയർ കോർപറേഷൻ ചെയർമാൻ.