amitsha

ബിജ്നോർ (യു.പി) : വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. വർഷങ്ങളായി കോൺഗ്രസും രാഹുലും ചേർന്ന് ചെയ്‌തതിനെക്കുറിച്ച് വോട്ടർമാർ തിരക്കുമെന്ന് പേടിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് മുങ്ങിയതെന്ന് അമിത് ഷാ ആരോപിച്ചു. പടിഞ്ഞാറൻ യു.പിയിലെ ആദ്യതിരഞ്ഞെടുപ്പ് സമ്മേളനവേദിയായ ബിജ്നോറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രീണനത്തിന്റെ രാഷ്ട്രീയമാണുള്ളത്. അതാണ് രാഹുൽ അങ്ങോട്ട് പോയത്.

സംത്ധോത എക്സ്‌പ്രസ് കേസിൽ ലഷ്കറെ തയ്ബയെ കുറ്റവിമുക്തരാക്കി, സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള നിഷ്കളങ്കരായ ആളുകളെ ജയിലിലയച്ച് കോൺഗ്രസ് ഹിന്ദുക്കൾക്ക് മേൽ ഭീകരമുദ്ര ചാർത്തിയെന്നും അമിത് ഷാ ആരോപിച്ചു. വയനാട്ടിൽ മത്സരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതിന് പിന്നാലെ അമേതിയിലെ ബി.ജെ.പി സ്ഥാനാർത്ഥി സ്മൃതി ഇറാനിയും രാഹുലിനെ വിമർശിച്ച് ട്വിറ്ററിലൂടെ രംഗത്തുവന്നിരുന്നു. അമേതിയിലെ വോട്ടർമാർ തള്ളിക്കളഞ്ഞതുകൊണ്ടാണ് രാഹുൽ വയനാട്ടിലേക്ക് പോകുന്നതെന്നായിരുന്നു സ്മൃതിയുടെ ട്വിറ്റ്.