ജാപ്പനീസ് മാർഷ്യൽ ആർട്‌സ് ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജ് വഴി 2015 മേയിൽ പഴയൊരു ഗ്രൂപ്പ് ഫോട്ടോ പുറത്തുവന്നു. പഴയ ആയ്‌കിഡോ (ഒരു ആധുനിക ജാപ്പനീസ് ആയോധനകല) വിദ്യാർത്ഥികൾ നിരന്നിരിക്കുന്ന ചിത്രം. മുന്നിൽ, നിലത്തിരിക്കുന്നവരിൽ ഇടത്തു നിന്ന് മൂന്നാമത്തെയാൾ ഇപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി. പേര്: രാഹുൽ ഗാന്ധി. കോൺഗ്രസ് അദ്ധ്യക്ഷൻ. ആയ്‌കിഡോയിൽ ബ്ളാക് ബെൽറ്റ്.
രാഹുൽ അതു രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു- 2009 മുതൽ ആയ്‌കിഡോ അഭ്യസിക്കുന്ന വിവരം. ഫേസ്ബുക്കിൽ ഗ്രൂപ്പ് ഫോട്ടോ വന്നതോടെ ആ രഹസ്യം പൊളിഞ്ഞു. എങ്കിലും കുറച്ചുനാൾ കൂടി കഴിഞ്ഞേ ചമ്രം പടിഞ്ഞിരിക്കുന്ന ആയോധന വിദ്യാർത്ഥിയെ പലരും ശ്രദ്ധിച്ചുള്ളൂ. 2017-ൽ രാഹുൽ തന്നെ അതു വെളിപ്പെടുത്തി. ശരിയാണ്; ബ്ളാക് ബെൽറ്റാണ്.
രാഹുലിന്റെ ആയ്‌കിഡോ ഇൻസ്‌ട്രക്‌ടർ ആയിരുന്ന പരിതോഷ് കറിന് പഴയ സ്റ്റുഡന്റിനെക്കുറിച്ച് നല്ല മതിപ്പ്. ആഴ്‌ചയിൽ അഞ്ചു ദിവസമായിരുന്നു പ്രാക്‌ടീസ്. നല്ല അച്ചടക്കം, അദ്ധ്യാപകരോട് വിനയം. അഭ്യാസമുറകളൊക്കെ പെട്ടെന്ന് പഠിക്കും. ആക്രണമുറയല്ല, ആത്മസംയമന മുറയാണ് ആയ്‌കിഡോ. രാഷ്‌ട്രീയത്തിൽ ഇത് രാഹുലിന് ഗുണം ചെയ്‌തിട്ടുണ്ടെന്നാണ് പിരതോഷ് കർ പറയുന്നത്. അതെങ്ങനെയെന്നു ചോദിച്ചാൽ പരിതോഷ് ചിരിക്കും: "നിങ്ങൾ രാഹുലിനെ പ്രകോപിപ്പിച്ചു നോക്കൂ, അദ്ദേഹം ചിരിക്കുകയേയുള്ളൂ!"
1989. ഇത് കുറച്ചുകൂടി പഴയ കഥയാണ്. ഡൽഹിയിൽ മുപ്പത്തിരണ്ടാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നു. ഡിസംബർ 26 മുതൽ 1989 ജനുവരി അഞ്ചു വരെ നടന്ന മത്സരങ്ങൾ അവസാനിച്ചപ്പോൾ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗത്തിലെ സ്വർണ മെഡൽ ജേതാവിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടു: ദ ഗോൾഡ് ഗോസ് ടു മിസ്റ്റർ രാഹുൽ ഗാന്ധി! സ്കോർ 271/300. രാഹുലിന് പതിനെട്ടു വയസ്സ്.
ആയ്‌കിഡോ രാഹുലിന്റെ മനസ്സിനെ സ്വസ്ഥമാക്കിയപ്പോൾ ഷൂട്ടിംഗ് പരിശീലനം അദ്ദേഹത്തിന് കൃത്യതയും സൂക്ഷ്‌മതയും ഏകാഗ്രതയും നൽകിയെന്നാണ് അദ്ദേഹത്തിന്റെ വ്യക്തിത്വപഠനം നടത്തിയ മനശ്ശാസ്‌ത്രജ്ഞരുടെ കണ്ടുപിടിത്തം. അതെന്തായാലും, കുറേനാളായി രാഹുലിന്റെ ടാർഗറ്റ് വ്യക്തമാണ്: നരേന്ദ്രമോദി. രാഷ്‌ട്രീയത്തിന്റെ ഫയറിംഗ് റേഞ്ചിൽ രാഹുലിന്റെ വെടിയുണ്ടകൾ ടാർഗറ്റിൽ തുളവീഴ്‌ത്തുമോ എന്ന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അറിയാം.
സ്വകാര്യതകൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് രാഹുലിന് ശീലം. ആയ്‌കിഡോയിലെ ബ്ളാക്ബെൽറ്റ് രഹസ്യമാക്കിവച്ചതു പോലെ തന്നെയാണ് തന്റെ രണ്ടു നഷ്‌ടപ്രണയങ്ങൾ രാഹുൽ സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിച്ചതും. ഒരിക്കൽ മാത്രം അദ്ദേഹം അത് തുറന്നു പറഞ്ഞു: ശരിയാണ്; ഞാൻ പ്രണയത്തിലായിരുന്നു. ബ്രിട്ടനിലെ യൂണിവേഴ്സ്റ്റി പഠന കാലത്ത് വെറോണിക്കെ കാർട്ടെല്ലിയുമായും, പിന്നീട് ഈജിപ്‌ഷ്യൻ രാജകുമാരി നോയൽ സഹറുമായും. ആ പ്രണയങ്ങൾക്ക് എന്തു സംഭവിച്ചുവെന്നു പക്ഷേ, രാഹുൽ ഇതുവരെ ആരോടും തുറന്നുപറഞ്ഞില്ല.