ന്യൂഡൽഹി:വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ കോൺഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നൽകാൻ സി.പി.എം നേതൃത്വം ആലോചന തുടങ്ങിയതായി സൂചന. ബി.എസ്.പി നേതാവ് മായാവതിയെ മുൻ നിറുത്തിക്കൊണ്ടുള്ള മതേതര ബദൽ രൂപീകരിക്കാനാണ് നീക്കം. ഇതോടെ കോൺഗ്രസുകാർ വെറും കാഴ്‌ച്ചക്കാരായി മാറുമെന്നും സി.പി.എം നേതൃത്വം കണക്കാക്കുന്നു. ഒപ്പം കോൺഗ്രസുമായി അടുക്കാതെ നിൽക്കുന്ന സമാജ്‌വാദി പാർട്ടി, ബിജു ജനതാദൾ, ആം ആദ്മി തുടങ്ങിയ പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനാകുമെന്നും നേതൃത്വം കരുതുന്നു. മതേതര മുന്നണിയിൽ ഒപ്പം നിൽക്കേണ്ട കോൺഗ്രസ് തങ്ങളുടെ പാർട്ടി അദ്ധ്യക്ഷനെ വയനാട്ടിൽ സി.പി.എമ്മിനെതിരെ മത്സരിക്കാൻ നിറുത്തിയതാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് സൂചന.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷം പ്രതിപക്ഷം നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും കോൺഗ്രസിനൊപ്പം സി.പി.എമ്മും പങ്കുചേർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരസ്പരമുള്ള സഹകരണത്തിൽ സി.പി.എമ്മിനുള്ളിൽ കനത്ത തർക്കം നിലനിന്നിരുന്നു. കോൺഗ്രസുമായി ഒരു തരത്തിലുമുള്ള സഖ്യം വേണ്ടെന്ന് സി.പി.എം കേരള ഘടകം ആവശ്യപ്പെടുമ്പോൾ ബി.ജെ.പിയെ നേരിടാനുള്ള മതേതര മുന്നണിയിൽ കോൺഗ്രസുമായി സഖ്യമാകാമെന്നാണ് പശ്ചിമ ബംഗാൾ ഘടകത്തിന്റെ നിലപാട്. ഇതേച്ചൊല്ലി ഏറെ നാൾ നടന്ന തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസുമായി സഹകരണമാകാമെന്ന് സി.പി.എമ്മിൽ ഏകദേശ ധാരണയായിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന കേരളത്തിലേക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത്. രാഹുലിന്റെ വരവ് തെറ്റായ സന്ദേശം നൽകുമെന്ന് സി.പി.എം നേതാക്കളും വിവിധ ഘടകക്ഷികളും മുന്നറിയിപ്പ് നൽകിയിട്ടും അമേത്തിക്ക് പുറമെ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ വയനാടിനെ തിരഞ്ഞെടുക്കുകയായിരുന്നു.