rahul-gandhi

അലഹബാദിൽ നിന്ന് മസൂറിയിലേക്ക് ജവഹ‌‌‌ർലാൽ നെഹ്രു ആ കത്തുകളെഴുതുമ്പോൾ മകൾക്ക് പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ! 1928. സ്വാതന്ത്ര്യ സമര പോരാട്ടകാലം. നെഹ്‌റു അലഹബാദിലെ ജയിലിലായിരുന്നു. തടവറയിലിരുന്ന് അച്ഛൻ മുടങ്ങാതെ മകൾക്കെഴുതി. ആ കത്തുകളാണ് ഇന്ദിരയെന്ന ഉരുക്കുവനിതയെ സൃഷ്‌ടിച്ചെടുത്തത്.

നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ രാഹുൽ ഗാന്ധിക്ക് പത്തു വയസ്സുള്ളപ്പോഴാണ് അച്ഛൻ രാജീവ്ഗാന്ധി ഉത്തർപ്രദേശിയെ അമേതിയിൽ നിന്ന് ആദ്യം എം.പിയായത്. വലിയച്ഛൻ സഞ്ജയ് ഗാന്ധിയുടെ അപകടമരണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കായിരുന്നു ആ ഉപതിരഞ്ഞെടുപ്പ്. 1984-ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതോടെ രാജീവ് പ്രധാനമന്ത്രിയുമായി. മകന് കത്തുകളെഴുതേണ്ട സാഹചര്യമുണ്ടായിരുന്നില്ല, അദ്ദേഹത്തിന്. നെഹ്‌റു ഇന്ദിരയ്‌ക്ക് എഴുതിയതു പോലുള്ള കത്തുകൾ രാജീവ് രാഹുലിന് എഴുതിയിട്ടുമില്ല. നെഹ്‌റുവിനെപ്പോലെ എല്ലാം തികഞ്ഞൊരു രാഷ്‌ട്രീയക്കാരനായിരുന്നില്ല രാജീവ്. മകനെ എന്നെങ്കിലും രാഷ്‌ട്രീയത്തിലേക്കു പറഞ്ഞുവിടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുമില്ല.

ചെറുപ്പത്തിലേ രാഷ്‌ട്രീയത്തിനായി പരിപാകം ചെയ്യപ്പെട്ടതായിരുന്നില്ല രാഹുലിന്റെ മനസ്സെന്ന് അർത്ഥം. ഇന്ദിര പ്രപഞ്ചോത്പത്തിയും സാമൂഹ്യശാസ്‌ത്രവും ചരിത്രപാഠങ്ങളും ആദ്യമറിഞ്ഞത് അച്ഛന്റെ കത്തുകളിൽ നിന്നായിരുന്നെങ്കിൽ രാഹുലിന് ഹൈസ്‌കൂളിലെത്തുംവരെ അതിനു കാത്തിരിക്കേണ്ടിവന്നു. ഹാർവാർഡ് സർവകലാശാലയിൽ ചരിത്രമായിരുന്നു രാഹുലിന്റെ വിഷയം. കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിൽ എം.ഫിലിന് ഡവലപ്മെന്റൽ സ്റ്റഡീസ്. ഗവേഷണ പഠനം കഴിഞ്ഞ് നാട്ടിലെത്തിയിട്ടും രാഹുൽ രാഷ്‌ട്രീയത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല.1991-ൽ രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോൾ രാഹുലിന് 21 വയസ്സേയുള്ളൂ. അമ്മ സോണിയാഗാന്ധി അമേതിയിൽ നിന്ന് ലോക്‌സഭയിലേക്കെത്തി,​ പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് രാഹുൽ മുംബയിൽ ബാക്കപ്‌സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനം തുടങ്ങുന്നത്. അതിനും മുമ്പ് മൂന്നു വർഷം,​ ലണ്ടൻ ആസ്ഥാനമായുള്ള മോണിട്ടർ ഗ്രൂപ്പ് എന്ന സ്ട്രാറ്റജി കൺസൾട്ടന്റ് ഗ്രൂപ്പിൽ ജോലി. അക്കാലത്തൊന്നും രാഹുൽ കരുതിയില്ല,​ അധികം വൈകാതെ തന്നെ കാലം തനിക്കായി കാത്തുവച്ചിരിക്കുന്ന നിയോഗം സ്വീകരിക്കേണ്ടിവരുമെന്ന്.

2004-ൽ അമേതിയിൽ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രാഷ്‌ട്രീയത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയുമായിരുന്നില്ല രാഹുലിന്. അമ്മ മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ പതിനായിരം വോട്ടിന്റെ കുറവിൽ തിരഞ്ഞെടുക്കപ്പെട്ടത് അമേതി,​ നെഹ്‌റു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായതുകൊണ്ടു മാത്രം! പഠിക്കാൻ ഒരുപാടുണ്ടായിരുന്നു,​ രാഹുലിന്. അമ്മ കൂടെ നടന്നു. എന്നിട്ടും പലവട്ടം പല രൂപത്തിൽ വിവേകമില്ലായ്‌മയുടെ വിഡ്‌ഢിത്തവചനങ്ങൾ രാഹുലിനെ വിവാദത്തിലാക്കി. രാഷ്‌ട്രീയക്കാരന്റെ മനസ്സല്ലാതിരുന്നതുകൊണ്ട് മനസ്സിൽ തോന്നുന്നത് തുറന്നു പറയുന്നതായിരുന്നു ശീലം. അങ്ങനെ പറഞ്ഞ കൂട്ടത്തിലാണ്,​ ദാരിദ്ര്യം എന്നത് കേവലം ഒരു മാനസികാവസ്ഥ മാത്രമാണ് എന്ന് രാഹുൽ പറഞ്ഞുകളഞ്ഞത്. വോട്ടർമാരിൽ മഹാഭൂരിപക്ഷവും ദരിദ്രനാരായണന്മാരായ നാട്ടിൽ നിന്ന് താൻ ജയിച്ചുവന്നതെന്ന സത്യം ശുദ്ധഗതികൊണ്ട് രാഹുൽ മറന്നുപോയി. അന്നു തുടങ്ങിയതാണ് രാഹുലിനു നേരെയുള്ള രാഷ്‌ട്രീയപരിഹാസങ്ങൾ. അമ്മയുടെ അമുൽ ബേബി,​ ഒന്നുമറിയാത്ത പപ്പുജി.... അങ്ങനെ പലതും കേട്ടു. പക്ഷേ,​ ആ പരിഹാസകാലത്തും രാഹുൽ പഠിക്കുകയായിരുന്നു.

പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്രമോദിയെന്ന പ്രതിഭാസം അവതരിച്ചപ്പോൾ കോൺഗ്രസ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു,​ പാർട്ടിക്ക് പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാട്ടാൻ യോഗ്യമായൊരു മുഖമില്ലല്ലോ എന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാഹുൽ നേടിയെടുത്തത് ആ മുഖമാണ്. നിഷ്‌കളങ്കനും നിരുപദ്രവകാരിയുമെന്ന 'അയ്യോ പാവം' ഇമേജിൽ നിന്ന് റാഫേൽ ഇടപാടിൽ മോദിയെ വെള്ളം കുടിപ്പിക്കുകയും,​ 'ചൗക്കിദാർ ചോർ ഹെ' എന്ന് മോദിയുടെ മുഖത്തു ചൂണ്ടി വിളിച്ചുപറയുകയും ചെയ്യുന്ന നിർഭയനായ നേതാവ്. പരിണാമഘട്ടം കഴിഞ്ഞു,​ രാഷ്‌ട്രീയപാകം വന്ന രാഹുലാണിത്.