മുംബയ്: പഴം, പച്ചക്കറി മുതൽ കപ്പലും വിമാനവും വരെ ആകെ 198 ചിഹ്നങ്ങളുണ്ട് പട്ടികയിൽ. ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മഹാരാഷ്ട്രയിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുള്ളതാണ് ചിഹ്നങ്ങളുടെ ഈ നീണ്ടനിര. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന 87 ചിഹ്നങ്ങളുടെ സ്ഥാനത്താണ് ഇത്തവണ 198. 1968ലെ ഇലക്‌ഷൻ സിംമ്പൽസ് (റിസർവേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ) നിയമപ്രകാരമാണ് ചിഹ്നങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദേശീയ-സംസ്ഥാന പാർട്ടികളുടെ സ്ഥിരം ചിഹ്നങ്ങൾ കൂടാതെയാണിത്.
അടുക്കള ഉപകരണങ്ങൾ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, പെൻഡ്രൈവ്, ടൈപ്പ് റൈറ്റർ, ടൂത്ത് പേസ്റ്റ്, ബ്രഷ്, ചെരുപ്പ്, സോക്സ് തുടങ്ങി ദൈനംദിന ജീവിതത്തിലുപയോഗിക്കുന്നവ, ഡീസൽ പമ്പ്, തെങ്ങിൻതോപ്പ്, ട്രാക്ടർ, കിണർ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ, റിക്ഷ, ഹെലികോപ്ടർ തുടങ്ങിയ വാഹനങ്ങൾ, ഹാർമോണിയം, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങൾ.... അങ്ങനെ മഹാരാഷ്ട്രയിലെ ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ലാത്തതായി ഒന്നുമില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി!