rahul

ഹൈദരാബാദ്: തെലങ്കാന വിഭജനത്തിൽ ആന്ധ്രയിൽ നഷ്ടപ്പെട്ട പിന്തുണ നേടിയെടുക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകുമെന്നാണ് രാഹുൽ ഗാന്ധി വിജയവാഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞത്. ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ആന്ധ്രയിലെ രാഹുലിന്റെ ആദ്യ പ്രചാരണ റാലിയായിരുന്നു വിജയവാഡയിലേത്.

2014 ൽ അധികാരത്തിലെത്തിയപ്പോൾ നൽകിയ വാഗ്ദാനമായ ആന്ധ്രയ്ക്ക് പ്രത്യേക പദവി ഇക്കാലമത്രയും നടപ്പിലാക്കിയിട്ടില്ല. അത് മോദി സർക്കാരിന്റെ വാഗ്ദാനമായിരുന്നു. മൻമോഹൻ സർക്കാരിന്റേതല്ല- രാഹുൽ പറഞ്ഞു. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 ഫെബ്രുവരിയിലായിരുന്നു തെലങ്കാന സംസ്ഥാന രൂപീകരണം. ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്.