ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുമായി ഡൽഹിയിൽ കോൺഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് സൂചന. ഡൽഹി പി.സി.സി പ്രസിഡന്റ് ഷീലാ ദീക്ഷിതിന്റെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ചേർന്ന യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഷീലാ ദീക്ഷിതിന് 81 വയസ് പൂർത്തിയായ ഇന്നലെ, ജന്മദിനാഘോഷങ്ങൾക്കെത്തിയതായിരുന്നു ഇരുവരും.
അതേസമയം, ഡൽഹിയിൽ ജയിക്കാൻ കോൺഗ്രസിന്റെ കൂട്ട് വേണ്ടെന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ നിലപാട്. പക്ഷേ, ഹരിയാനയിലും പഞ്ചാബിലും ബി.ജെ.പിയെ തകർക്കാൻ കോൺഗ്രസ്-എ.എ.പി കൂട്ടുകെട്ടിന് കഴിയുമെന്ന് കേജ്‌രിവാൾ പറഞ്ഞിരുന്നു.
ഡൽഹിയിൽ എ.എ.പിയുമായി കൂട്ടുകൂടുന്നതിന് തടസം മുൻ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ മുതിർന്ന നേതാവ് ഷീലാ ദീക്ഷിതിന്റെ പിടിവാശിയാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ ആം ആദ്മിയുമായുള്ള സഖ്യം ദീർഘകാല അടിസ്ഥാനത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഷീലാ ദീക്ഷിത് രാഹുൽ ഗാന്ധിയെയും സോണിയയെയും അറിയിച്ചത്. മേയ് 12നാണ് ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്.