ന്യൂഡൽഹി : ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ രണ്ടാമതും അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം രാജ്യത്തെ 130 കോടി ജനങ്ങളും തന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ 'ഞാനും കാവൽക്കാരൻ' പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ലെന്നും കാവൽക്കാരെയാണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവൽക്കാരാണെന്നും എന്നാൽ തൊപ്പിയും യൂണിഫോമും അണിഞ്ഞവർ മാത്രമാണ് കാവൽക്കാരെന്നാണ് ചിലർ വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു.
കാവൽക്കാരൻ എന്നാൽ ആദർശവും ആവേശവുമാണ്. നമ്മൾ എല്ലാവരും ഒന്നിച്ചുനിന്നാൽ ആർക്കും ഇന്ത്യയെ കൊള്ളയടിക്കാനാവില്ല- മോദി വിശദീകരിച്ചു. അഞ്ചുകൊല്ലം കൊണ്ട് നമ്മൾ കൈവരിച്ചനേട്ടങ്ങളിലെല്ലാം ജനങ്ങളുടെ പങ്കാളിത്തമുണ്ട്. ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത് താനല്ലെന്നും സൈനികരാണെന്നും പറഞ്ഞ പ്രധാനമന്ത്രി സൈന്യത്തെ താൻ പൂർണമായി വിശ്വസിക്കുന്നതായും പുൽവാമ ആക്രമണത്തിനുശേഷം സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിരുന്നതായും വ്യക്തമാക്കി.