election-2019

അമേതിയിലെ വോട്ടർമാർക്ക് അവരുടെ എം.പിയെക്കുറിച്ച് ചെറിയൊരു പരാതിയേയുള്ളൂ. ചിലപ്പോൾ നിന്ന നില്‌പിൽ മുങ്ങിക്കളയും! അത്തരം ചില അപ്രത്യക്ഷമാകലുകൾ രാഹുലിനെയും കോൺഗ്രസിനെയും പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്. 2015-ലായിരുന്നു അത്തരത്തിൽ,​ ഏറ്രവും ദൈർഘ്യമേറിയ വാനിഷിംഗ്! 60 ദിവസം. നാല് തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിൽ രാഹുൽ നടത്തിയ യാത്രകളുടെ ദുരൂഹത പിന്നീട് കുറേക്കാലം മാദ്ധ്യമങ്ങൾക്കു വാർത്തയായി.

2015 ഫെബ്രുവരി 16-നാണ് രാഹുൽ ഡൽഹിയിൽ നിന്ന് മുങ്ങിയത്. അന്ന് ബാങ്കോക്കിലെത്തിയ ഒരു ദിവസം അവിടെ തങ്ങിയ ശേഷം 17-ന് കംബോഡിയയിലേക്കു പോയി. അവിടെ 11 ദിവസം. 28-ന് വീണ്ടും ഒറ്റ ദിവസത്തേക്ക് ബാങ്കോക്കിലേക്ക്. പിറ്റേന്ന് മ്യാൻമറിലേക്ക്. മാർച്ച് ഒന്നു മുതൽ 21 വരെ മൂന്നാഴ്‌ചക്കാലം രാഹുൽ അവിടെയുണ്ടായിരുന്നു. 22-ന് തായ്‌ലൻഡിലെ ബുദ്ധ പൈതൃക കേന്ദ്രത്തിലെത്തിയ രാഹുൽ ഒൻപതു ദിവസം അവിടെ താമസിച്ചു. മാർച്ച് 31-ന് വിയറ്റ്നാമിലേക്ക്. ഏപ്രിൽ 12-ന് തിരികെ ബാങ്കോക്കിലേക്ക്. 16 വരെ ബാങ്കോക്കിൽ തങ്ങിയ രാഹുൽ അന്നു വൈകിട്ട് നാട്ടിൽ മടങ്ങിയെത്തി.

മ്യാൻമറിലെ മൂന്നാഴ്‌ചക്കാലം രാഹുൽ ബുദ്ധ ധ്യാന കേന്ദ്രത്തിലായിരുന്നെന്നാണ് അന്ന് വാർത്തകൾ വന്നത്. രാഹുൽ ഇനി രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്നും സന്യാസം സ്വീകരിച്ചെന്നും വരെ അന്ന് പ്രതിയോഗികൾ കഥ മെനഞ്ഞു. അമേതിയുടെ തെരുവോരങ്ങളിൽ പോസ്റ്ററുകൾ നിരന്നു: ഔവർ എം.പി ഈസ് മിസ്സിംഗ്! രാഹുൽ എവിടെയെന്നറിയാതെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പോലും കുഴങ്ങിയ നാളുകൾ. രാഷ്‌ട്രീയ വനവാസമല്ല,​ രാഹുലിന്റേത് ഒരു വെക്കേഷൻ യാത്ര മാത്രമാണെന്ന് എ.ഐ.സി.സി വക്‌താക്കൾ പറഞ്ഞു. എന്ന് തിരികെ വരുമെന്ന ചോദ്യത്തിനു മാത്രം അന്ന് അവർക്ക് മറുപടിയുണ്ടായിരുന്നില്ല.​

ഇന്ത്യയിൽ മടങ്ങിയെത്തിയ രാഹുലിനോട് മാദ്ധ്യമപ്രവർത്തകർ പല മട്ടിൽ ചോദിച്ചു. അറുപതു ദിവസം എവിടെയായിരുന്നു?​ രാഷ്‌ട്രീയവിശ്രമം എന്ന് രാഹുൽ പറഞ്ഞില്ല. പക്ഷേ,​ ആ വിശ്രമകാലത്തിനു ശേഷം മടങ്ങിയെത്തിയത് പഴയ രാഹുൽ ആയിരുന്നില്ല! മുതിർന്ന രാഷ്‌ട്രീയ നേതാവിലേക്കുള്ള പരിണാമത്തിന്റെ മറ്റൊരു ഘട്ടമായിരുന്നു അത്!