ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ വിജയബാങ്കും ദേന ബാങ്കും ബാങ്ക് ഒഫ് ബറോഡയും തമ്മിലെ ലയനം ഇന്ന് പ്രാബല്യത്തിൽ വരും. വിജയബാങ്ക്, ദേന ബാങ്ക് ശാഖകൾ ഇന്നുമുതൽ ബാങ്ക് ഒഫ് ബറോഡയുടെ ശാഖകളായി പ്രവർത്തിക്കുമെന്നും ഇരുബാങ്കുകളുടെയും ഇടപാടുകാരെ ബാങ്ക് ഒഫ് ബറോഡയുടെ ഇടപാടുകാരായാണ് കണക്കാക്കുകയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
മൂന്നു ബാങ്കുകളുടെയും ലയനത്തിന് കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര മന്ത്രിസഭ അന്തിമാനുമതി നൽകിയത്. ലയനത്തോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 18 ആയി കുറയും. വിജയ-ദേന-ബാങ്ക് ഒഫ് ബറോഡ ലയനം സുഗമമാക്കാനായി, ബാങ്ക് ഒഫ് ബറോഡയ്ക്ക് 5,042 കോടി രൂപയുടെ മൂലധന സഹായം കഴിഞ്ഞവാരം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. ലയനത്തിന്റെ ഭാഗമായി, വിജയബാങ്കിന്റെ ഓഹരി ഉടമകൾക്ക് ഓരോ ആയിരം ഓഹരിക്കും ബാങ്ക് ഒഫ് ബറോഡയുടെ 402 ഓഹരികൾ ലഭിക്കും. ദേന ബാങ്കിന്റെ ഓഹരി ഉടമകൾക്ക് ഓരോ ആയിരം ഓഹരിക്കും ബാങ്ക് ഒഫ് ബറോഡയുടെ 110 ഓഹരികളാണ് ലഭിക്കുക.
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഒഫ് ബറോഡയിൽ ലയിക്കുന്നതോടെ, 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യവുമായി രാജ്യത്തെ ഏറ്രവും വലിയ മൂന്നാമത്തെ ബാങ്കായി ബാങ്ക് ഒഫ് ബറോഡ മാറും. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ലയിച്ചുണ്ടാകുന്ന ബാങ്കിന്റെ കിട്ടാക്കട അനുപാതം (എൻ.പി.എ റേഷ്യോ) വളരെ കുറവായിരിക്കുമെന്നതാണ് ലയനം കൊണ്ടുള്ള പ്രധാന നേട്ടം. നിലവിൽ പൊതുമേഖലാ ബാങ്കുകളുടെ എൻ.പി.എ അനുപാതം 12.13 ശതമാനമാണ്. ലയനശേഷം ബാങ്ക് ഒഫ് ബറോഡയുടെ അനുപാതം 5.71 ശതമാനമായിരിക്കും.