കാറാണോ, അല്ല. ഓട്ടോറിക്ഷയോ, അതുമല്ല! വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിന് വിട പറഞ്ഞ് വിപണിയിലേക്ക് ചുവടുവച്ച ബജാജിന്റെ കുഞ്ഞൻ ക്യൂട്ടിനെ നമുക്ക് 'ക്വാഡ്രിസൈക്കിൾ" എന്ന് വിളിക്കാം. 2012ലെ ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിനെ ബജാജ് പരിചയപ്പെടുത്തുന്നത്. എന്നാൽ, സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ക്യൂട്ടിനെതിരെ കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയതോടെ വിപണി പ്രവേശനം നീണ്ടു. വിപണിയിൽ ഏത് 'ഗണത്തിൽ" ക്യൂട്ടിനെ ഉൾപ്പെടുത്തും എന്ന ആശയക്കുഴപ്പവും ഉയർന്നിരുന്നു.
എന്നാലിതാ, തടസങ്ങളെല്ലാം തുടച്ചുനീക്കി ക്യൂട്ട് വിപണിയിൽ എത്തിക്കഴിഞ്ഞു. വാണിജ്യ വാഹനമായും സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന വാഹനമാണ് ക്യൂട്ട്. ഓട്ടോറിക്ഷകൾക്കും എൻട്രി-ലെവൽ കാറുകൾക്കും ഇടയിലാണ് ക്യൂട്ടിന്റെ സ്ഥാനം. ക്വാഡ്രിസൈക്കിളുകളെ ഇതിനുമുമ്പും നാം നിരത്തുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക 'ക്വാഡ്രിസൈക്കിൾ" ഗണത്തിലാണ് ക്യൂട്ടുള്ളത്. ഇവയ്‌ക്ക് നിശ്‌ചിയ ഉയരവും ഭാരവും നിർണയിച്ചിട്ടുണ്ട്. വേഗത മണിക്കൂറിൽ പരമാവധി 70 കിലോമീറ്ററിൽ താഴെയായിരിക്കണം. നീളം മൂന്നു മീറ്രറിലും വീതി ഒന്നര മീറ്രറിലും കൂടരുത്.
2.7 മീറ്രറാണ് ക്യൂട്ടിന്റെ നീളം. ഉയരം 1.6 മീറ്റർ. വീതി 1.3 മീറ്റർ. അതായത്, നീളവും വീതിയും ഉയരവും ഓട്ടോയ്ക്ക് സമം. എന്നാൽ, ഓട്ടോകളേക്കാൾ മികവുറ്റ സുരക്ഷയും യാത്രാസുഖവും ക്യൂട്ട് നൽകുന്നു. പ്ളാസ്‌റ്രിക്കും സ്‌റ്രീലും ഉപയോഗിച്ചാണ് ക്യൂട്ടിനെ ബജാജ് നിർമ്മിച്ചിരിക്കുന്നത്. മോണോകോക്ക് ബോഡി, സുരക്ഷിതവുമാണ്. ഒറ്റനോട്ടത്തിൽ, 'ക്യൂട്ട്" ആയ രൂപകല്‌പനയെന്ന് തന്നെ ക്യൂട്ടിന്റെ ഭംഗിയെ വിശേഷിപ്പിക്കാം. ഒതുക്കമുള്ളതാണ് ബോഡി. സ്‌റ്രീലിൽ തീർത്ത മേൽക്കൂര ഉയർത്തി നൽകിയിരിക്കുന്നു. 12 ഇഞ്ച് അലോയ് വീലുകളും മികച്ച കളർഷെയ്‌ഡുകളും ചേരുന്നതോടെ വാഹനം ആകർഷകമാകുന്നു. ബോണറ്റും ഡോറുകളും പ്ളാസ്‌റ്റിക് കരുത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രത്യേകിച്ച്, ഒരുപാട് ഫീച്ചറുകളാൽ സമ്പന്നമൊന്നുമല്ല അകത്തളം. എന്നാൽ, ഓട്ടോറിക്ഷകളിൽ നിന്ന് വ്യത്യസ്‌തമാണ്. കാറുകളുടെ ഉൾത്തളത്തിനോട് നേരിയ സാദൃശ്യവും കാണാം. വലിയ വിൻഡ്‌ഷീൽഡിനൊപ്പം ഒറ്റ വൈപ്പർ. ഡാഷ്ബോർഡിൽ ലോക്ക് ചെയ്യാവുന്ന രണ്ട് സ്‌റ്രോറേജ് ബോക്‌സുകളുണ്ട്. സിംഗിൾ-പോഡ് ഇൻസ്‌ട്രുമെന്റ് സൺസോളും ഗിയർനോബും ഡാഷ്‌ബോർഡിന്റെ മദ്ധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്നു. എ.സി വെന്റുകളില്ല. ഡ്രൈവർ സീറ്ര് ക്രമീകരിക്കാനുള്ള ഓപ്‌ഷനുണ്ട്. നാല് പേർക്ക് സുഖയാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ അകത്തളം വിശാലവുമാണ്. പിന്നിലെ സീറ്ര് മടക്കിവച്ചാൽ 400 ലിറ്റർ ബൂട്ട് സ്‌പേസും ലഭിക്കും.
216 സി.സി., സിംഗിൾ സിലിണ്ടർ, ട്വിൻ-സ്‌പാർക്ക് എൻജിനാണുള്ളത്. സി.എൻ.ജി., പെട്രോൾ വേരിയന്റുകളുണ്ട്. 13 ബി.എച്ച്.പിയാണ് പെട്രോൾ എൻജിന്റെ കരുത്ത്. ടോർക്ക് 18.9 എൻ.എം. സി.എൻ.ജി എൻജിന് പത്ത് ബി.എച്ച്.പി കരുത്തും 16 എൻ.എം ടോർക്കുമുണ്ട്. ഗിയറുകൾ അഞ്ച്. പെട്രോളിൽ ലിറ്ററിന് 35 കിലോമീറ്ററും സി.എൻ.ജിയിൽ 45 കിലോമീറ്ററും മൈലേജ് ലഭിക്കും. ബജാജ് ക്യൂട്ടിന് 450 കിലോഗ്രാം മാത്രമാണ് ഭാരം. പെട്രോൾ വേരിയന്റിന്റെ ഇന്ധനടാങ്ക് ശേഷി എട്ട് ലിറ്രറാണ്. സി.എൻ.ജി വേരിയന്റിന് 35 ലിറ്റർ.
നഗരനിരത്തുകൾക്ക് ഏറെ അനുയോജ്യമായ വിധമാണ് ക്യൂട്ടിന്റെ റൈഡിംഗ് ശൈലി ബജാജ് ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയിൽ നിന്ന് 'അപ്‌ഗ്രേഡ്" ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്ന വാഹനവുമാണ് ക്യൂട്ട്. ഇക്കോ ഗ്രീൻ, നെപ്റ്റ്യൂൺ ബ്ലൂ, ഗോൾഡൻ യെലോ, ആർക്‌ടിക് വൈറ്ര്, ബ്രൈറ്റ് റെഡ്, ജെറ്ര് ബ്ലാക്ക് തുടങ്ങിയ നിറങ്ങളിൽ ക്യൂട്ട് ലഭിക്കും. എക്‌സ്‌ഷോറൂം വില 2.58 ലക്ഷം രൂപ.