mayavati-

ന്യൂഡൽഹി: കോൺഗ്രസിനെ ഒഴിവാക്കി ദേശീയ മതേതര ബി.ജെ.പി വിരുദ്ധ സഖ്യത്തിന് സി.പി.എം ഒരുങ്ങുന്നതായി സൂചന. കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ബി.എസ്.പി അദ്ധ്യക്ഷ മായാവതിയെ മുൻനിറുത്താനാണ് ആലോചനയെന്ന് സൂചനയുണ്ട്.

വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ രാഹുലിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനവും ബിഹാറും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സഖ്യങ്ങളിൽ സി.പി.എം അടക്കമുള്ള ഇടതു പാർട്ടികളെ ഒഴിവാക്കിയതുമാണ് പുതിയ ബദൽ സഖ്യത്തിന് കാരണമായി പറയപ്പെടുന്നത്. കോൺഗ്രസുമായി അടുക്കാതെ നിൽക്കുന്ന സമാജ്‌വാദി പാർട്ടി, ബിജു ജനതാദൾ, ആം ആദ്മി തുടങ്ങിയ പ്രാദേശിക പാർട്ടികളെ ബദൽ സഖ്യത്തിൽ കൂട്ടാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ.

സി.പി.എമ്മിന് സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ഏത് കക്ഷിക്കാണോ ശേഷിയുള്ളത് അവരെ പിന്തുണയ്ക്കും എന്നായിരുന്നു സി.പി.എമ്മിന്റെ മുൻനിലപാട്. എന്നാൽ, വയനാട്ടിൽ ഇടതുപക്ഷത്തെ എതിരാളിയായിക്കണ്ട് രാഹുലിനെ കളത്തിലിറക്കിയതാണ് ഇടതുപക്ഷത്തെ ഏറ്റവുമൊടുവിൽ ചൊടിപ്പിച്ചത്. മാത്രമല്ല, ബിഹാറിലെ പ്രതിപക്ഷമായ ആർ.ജെ.ഡി

സി.പി.എമ്മിനോ സി.പി.ഐക്കോ ഒരു സീറ്റ് പോലും നൽകാനും തയാറായില്ല. ബെഗുസരായിൽ കനയ്യകുമാറിന് ഇടതുപാർട്ടികളുടെ മാത്രം പിന്തുണയാണുള്ളത്.

 ബംഗാൾ പറഞ്ഞത് കേട്ടു, ഒടുവിൽ...

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രതിപക്ഷം നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികളിലും കോൺഗ്രസിനൊപ്പം സി.പി.എമ്മും പങ്കുചേർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കുന്നതിൽ സി.പി.എമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നു. കോൺഗ്രസുമായി ഒരു സഖ്യവും വേണ്ടെന്ന് സി.പി.എം കേരള ഘടകം ആവശ്യപ്പെടുമ്പോൾ ബി.ജെ.പിയെ നേരിടാനുള്ള മതേതര മുന്നണിയിൽ കോൺഗ്രസുമായി സഖ്യമാകാമെന്നാണ് പശ്ചിമ ബംഗാൾ ഘടകത്തിന്റെ നിലപാട്. ഇതേച്ചൊല്ലി ഏറെ നാൾ നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസുമായി സഹകരണമാകാമെന്ന് സി.പി.എമ്മിൽ ഏകദേശ ധാരണയായിരുന്നു. ഇതിനിടയിലാണ് രാഹുലിനെ കേരളത്തിൽ സ്ഥാനാർത്ഥിയാക്കിയുള്ള പ്രകോപനം.