ഹൈദരാബാദ്: എെ.പിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സിനെതിരെ സൺറൈസേഴ്‌സിന് 118 റൺസിന്റെ ആധികാരിക ജയം. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് 19.5 ഓവറിൽ 113ൽ ഒതുങ്ങുകയായിരുന്നു.118 റൺസിനാണ് ബംഗളുരു തോറ്റത്. ആദ്യം ബാറ്റേന്തിയ സൺറൈസേഴ്‌സ് 231-2 എന്ന കൂറ്റൻ സ്കോർ നേടിയിരുന്നു.
തകർച്ചയോടെ തുടങ്ങിയ ബാംഗ്ലൂരിന് 22 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഫ്ഗാൻ സ്‌പിന്നര്‍ മുഹമ്മദ് നബിയാണ് മൂന്ന് വിക്കറ്റും നേടിയത്. പിന്നാലെ എത്തിയ വിരാട് കൊഹ്ലിയെ മൂന്ന് രൺസുമായി സന്ദീപ് ശർമ്മ വാർണറുടെ കൈകളിലെത്തിച്ചു. റോയൽ ചലഞ്ചേഴ്‌സിന് 7.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 35 റണസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
പ്രയാസും ഗ്രാൻഡ്‌ഹോമും റോയൽ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സ് 16 ഓവർ വരെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ അതൊന്നും വിജയത്തിലെത്തിക്കാനായില്ല.അവസാന ഓവറിലെ അഞ്ചാം പന്തില്‍ ചാഹൽ (1) പുറത്തായതോടെ അടിയറവ് സമ്മതിക്കുകയായിരുന്നു.വാർണർ ബെയർസ്റ്റോ കൂട്ടുകെട്ടാണ് സൺറൈസേഴ്‌സിന്റെ സ്കോർ ഉയർത്തിയത്. 52 പന്തിലാണ് ബെയർസ്റ്റോ സെഞ്ചുറി പൂർത്തിയാക്കിയത്. 54 പന്തിൽ വാർണറും സെഞ്ചുറി തികച്ചു.