നെയ്യാറ്റിൻകര: ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പറയുമ്പോഴും പലയിടത്തും കടുത്ത അലംഭാവമെന്ന് പരാതി. കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇവിടുത്തെ റോഡിന്റെ വീതികൂട്ടാൻ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള സോഷ്യൽ ഇംപാക്ട് പഠനം പുരോഗമിക്കുന്നതേയുള്ളു. ഈ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിനായി 98.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ വഴിമുക്ക് മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനോ വസ്തു അളന്ന് തിരിക്കാനോ ഇതുവരെ നടപടികളായിട്ടില്ല. ബാലരാമപുരം ജംഗ്ഷനിൽ കാട്ടാക്കട റോഡിൽ നിന്നു വിഴിഞ്ഞം റോഡിലേക്ക് അണ്ടർപാസ് നിർമ്മിക്കാൻ നിർദ്ദേശമുണ്ടെങ്കിലും പ്രദേശത്തെ ചില വ്യാപാരികൾ എതിർക്കുന്നതായി അധികൃതർ പറയുന്നു. ബാലരാമപുരം റോഡിൽ നിലവിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഈ അണ്ടർ പാസിന് കഴിയും.
പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള 5 കി.മീ ഭാഗത്തെ ഭൂമിയെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ഭൂ ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാര വിതരണവും ഏകദേശം പൂർത്തിയായി. ഇതിനുള്ള തുകയും കളക്ടർക്ക് നൽകിയിരുന്നു. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള 1.5 കി.മീ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 98.1 കോടി രൂപയുടെ ഭരണാനുമതിയും നൽകിക്കഴിഞ്ഞു.
വഴിമുക്കു മുതൽ കളിയിക്കാവിള വരെയുള്ള കരട് അലൈൻമെന്റിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ഭേദഗതി വരുത്താനുള്ള നടപടി പൊതുമരാമത്ത് വിഭാഗം ആരംഭിച്ചു. സോഷ്യൽ ഇംപാക്ട് പഠനം പൂർത്തിയാക്കിയാൽ മാത്രമേ നെയ്യാറ്റിൻകര ടൗൺ പ്രദേശത്തുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയും ആരംഭിക്കാൻ കഴിയുകയുള്ളു. നെയ്യാറ്റിൻകരയിൽ 35.4 മീറ്റർ വീതിയിൽ റോഡ് നാലുവരിയായി വികസിപ്പിക്കാനായി സ്ഥലം ഏറ്റെടുക്കാനായുള്ള പ്രാരംഭ നടപടി പോലുമായിട്ടില്ല. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന റോഡിൽ എതിർവശത്തു നിന്നു മാത്രം ഭൂമി ഏറ്റെടുക്കണമെന്ന നിർദ്ദേശം പരിഗണനയിലാണ്. അതേ പോലെ പത്താംകല്ലിലും ഉദിയൻകുളങ്ങരയിലും കൊടും വളവുകൾ ഇല്ലാതാക്കി സ്ട്രെയിറ്റായി റോഡ് നിർമ്മിക്കാനായാണ് ഇപ്പോൾ സ്കെച്ച് തയ്യാറാക്കിയിട്ടുള്ളത്. സാദ്ധ്യതാ പഠനം പൂർത്തിയായാൽ ഏറ്റെടുക്കൽ നടപടി തുടങ്ങുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.