ന്യൂഡൽഹി: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപ്പിറ്റൽസും നടന്ന മത്സരത്തിനിടെ ഋഷഭ് പന്ത് നടത്തിയ പ്രവചനം ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറിലെ ‘സൂപ്പർ പ്രകടന’ത്തിലൂടെയാണ് ഡൽഹി വിജയം പിടിച്ചെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിൽ യുവതാരം പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ കുതിച്ച ഡൽഹിക്കും അവസാന ഓവറിൽ അടിപതറിയതോടെ നിശ്ചിത 20 ഓവറിൽ നേടാനായത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് തന്നെ. തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാഡയാണ് മൽസരഫലം ഡൽഹിക്ക് അനുകൂലമാക്കിയത്.
ഈ മത്സരത്തിനിടെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ സ്റ്റപ് മൈക്ക് പിടിച്ചെടുത്ത ഒരു പ്രവചനം വിവാദമായത്. സംഭാഷണം കേട്ടാൽ ഋഷഭ് പന്ത് ഒത്തുകളിച്ചോ എന്ന സംശയത്തിലേക്കുവരെ കാര്യങ്ങൾ എത്തും.
കൊൽക്കത്തയുടെ ഇന്നിംഗ്സിലെ നാലാം ഓവറിലെ അഞ്ചാം പന്ത്. ബൗളിങ്ങിനൊരുങ്ങുന്നത് നേപ്പാളുകാരനായ ലെഗ് സ്പിന്നർ സന്ദീപ് ലാമിച്ചനെ. ആ പന്ത് എറിയും മുമ്പ് വിക്കറ്റിന് പിന്നിൽ നിന്ന് ഋഷഭ് പ്രവചിച്ചു; 'ഈ പന്ത് ഫോർ ആകും'. ഇത് മൈക്ക് സ്റ്റമ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഋഷഭ് പറഞ്ഞതു പോലെ സംഭവിച്ചു. ഉത്തപ്പ പന്ത് ബൗണ്ടറി കടത്തി. ഇതോടെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി രംഗത്തെത്തുകയായിരുന്നു. പന്തെറിയും മുമ്പേ ആ പന്ത് ഫോർ ആകും എന്ന് ഋഷഭിന് എങ്ങനെ അറിയും എന്നാണ് ആരാധകർ ചോദിക്കുന്നത്.
@DineshKarthik Today's match was fixed how Rishabh pant already knews that next ball going to be four on 3.5 it means match was fixed pic.twitter.com/TVZZ5hVywg
— Telesh lalwani (@TeleshLalwani) March 30, 2019