ഓയൂർ: സാറേ... ഞങ്ങൾക്ക് പേടിയാണ് , പേടിച്ചിട്ടാണ് ഞങ്ങൾ പുറത്താരോടും പറയാത്തത്. അവർക്ക് എതിരു നിന്നാൽ അവർ ഞങ്ങളെ കൂടോത്രം ചെയ്ത് കൊല്ലും.
യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പട്ടിണിക്കിട്ട് കൊന്ന വീട്ടിലെത്തിയ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനോട് പരിസരവാസികൾ ഒരേസ്വരത്തിൽ പറഞ്ഞ വാക്കുകളാണിത്.
എന്തെങ്കിലും മിണ്ടിയാൽ ഭീഷണിയാണ്. നിനക്ക് കാണിച്ചുതരാം, നിന്നെ ഞാൻ വെറുതെ വിടില്ല , നശിപ്പിക്കും, സൂക്ഷിച്ചോ ഇതാണ് ഭീഷണി. ഇതു കേട്ട് പേടിച്ച് ആരും എതിർത്ത് ഒരുവാക്കു മിണ്ടില്ല.
ചെങ്കുളം കുരിശിൻമൂട്, പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയെയാണ് പട്ടിണിക്കിട്ട് കൊന്നത്.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംഭവം പറഞ്ഞ അയൽ വാസികൾക്കു നേരെയും ഭീഷണി ഉയർന്നു. നീയൊക്കെ എല്ലാവരോടും എല്ലാം പറഞ്ഞോ, സാക്ഷി മൊഴിനല്കാൻ നീയൊന്നും കാണില്ല, സൂക്ഷിച്ചോ എന്നായിരുന്നു ചന്തുലാലിന്റെ സഹോദരി ജാൻസിയുടെ ഭീഷണി. ജാൻസിക്കെതിരെ ഉടൻ നടപടി സ്വീകരിക്കാൻ കമ്മിഷൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്. പി ദിനരാജന് നിർദ്ദേശം നല്കി.
തുഷാര ഗർഭിണിയായിരുന്നപ്പോൾ സന്ദർശിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും തന്നെയും തടഞ്ഞതായി ആശാവർക്കർ തങ്കമ്മ
വനിതാകമ്മിഷനോട് വെളിപ്പെടുത്തി.
മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നതിനെതിരെ മാസങ്ങൾക്ക് മുമ്പ് അയൽ വാസി പൊലീസിൽ പരാതിനല്കുകയും പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയും ചെയ്തു. എന്നാൽ,പരാതിക്കാരിയെ കൂടോത്രം നടത്തി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ആഭിചാരക്രിയകൾ തുടരുകയായിരുന്നു. ഇക്കാര്യവും അയൽ വാസിയായ യുവതി വനിതാകമ്മിഷനോട് പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് തുഷാരയെ ഭർത്താവും , മാതാവും ചേർന്ന് ഉപദ്രവിച്ചും പട്ടിണിക്കിട്ടും കൊന്നത്. ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ,എന്നിവർ റിമാൻഡിലാണ്.കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൂയപ്പള്ളി സി. എെ എസ്. ബി പ്രവീൺ പറഞ്ഞു.
അയൽവാസികളുടെ പേടി
മാറ്റാൻ ബോധവത്ക്കരണം
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും, അന്വേഷണ റിപ്പോർട്ട് കമ്മിഷൻ പരിശോധിച്ച് അപാകതയുണ്ടെങ്കിൽ ഇടപെടുമെന്നും വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും പ്രദേശവാസികൾക്ക് പേടിയുണ്ടെങ്കിൽ അത് മാറ്റാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രദേശവാസികളെയും,പൊതുപ്രവർത്തകരെയും, പൊലീസിനെയും ഉൾപ്പെടുത്തി ബോധവല്കരണ ക്ളാസും, സെമിനാറും സംഘടിപ്പിക്കും.