കൊച്ചി: പുതിയ സാമ്പത്തിക വർഷത്തെ (2018-19) റിസർവ് ബാങ്കിന്റെ ആദ്യ ധനനയം വ്യാഴാഴ്‌ച പ്രഖ്യാപിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗം നാളെ ആരംഭിക്കും. നാലിന് ഉച്ചയോടെ ശക്തികാന്ത ദാസാണ് നയം പ്രഖ്യാപിക്കുക.
ഫെബ്രുവരിന് ഏഴിന് പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. 2017 ആഗസ്‌റ്രിന് ശേഷം ആദ്യമായി ആയിരുന്നു റിസർവ് ബാങ്കിന്റെ ഈ 'ജനപ്രിയ" നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന വിലയിരുത്തൽ ശക്തമായിരുന്നതിനാലും കണക്കുകൾ അനുകൂലമായതിനാലും ഫെബ്രുവരിയിൽ റിപ്പോനിരക്ക് കുറയുമെന്ന് ഉറപ്പായിരുന്നു. ഇപ്പോൾ, രാജ്യം തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കേ, വ്യാഴാഴ്‌ചത്തെ ധനനയത്തിലും റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്നാണ് സൂചനകൾ. എം.പി.സി യോഗത്തിന് മുന്നോടിയെന്നോണം കഴിഞ്ഞമാസം ഗവർണർ ശക്തികാന്ത ദാസ് വ്യവസായ പ്രതിനിധികളുമായും എം.എസ്.എം.ഇ സംരംഭകരുമായും ബാങ്കുകളുമായും ചർച്ചകൾ നടത്തിയിരുന്നു. ജി.ഡി.പിയുടെയും വ്യാവസായിക ഉത്‌പാദനത്തിന്റെയും തളർച്ച മറികടക്കാൻ പലിശനിരക്കിൽ ഇളവ് വേണമെന്ന ആവശ്യമാണ് ഏവരും ഉയർത്തിയത്.
7.5 ശതമാനത്തിൽ നിന്ന് വെറും 1.7 ശതമാനത്തിലേക്കാണ് ജനുവരിയിൽ വ്യാവസായിക ഉത്‌പാദന വളർച്ച കൂപ്പുകുത്തിയത്. പലിശനിരക്ക് പരിഷ്‌കരണത്തിന്റെ മുഖ്യമാനദണ്ഡമായി റിസർവ് ബാങ്ക് കാണുന്ന റീട്ടെയിൽ നാണയപ്പെരുപ്പം തുടർച്ചയായി നാല് ശതമാനത്തിന് താഴെ തുടരുന്നതും 'ആശ്വാസ വാർത്തയ്ക്കുള്ള" അനുകൂല ഘടകമാണ്. ഫെബ്രുവരിയിൽ 2.57 ശതമാനമായിരുന്നു നാണയപ്പെരുപ്പം.
നിരക്കുകൾ ഇപ്പോൾ