mem-

ന്യൂഡൽഹി: അഞ്ച് വർഷം മുമ്പ് ഇന്ത്യയിലെ ജനങ്ങൾ തന്നെ രാജ്യത്തിന്റെ കാവൽക്കാരനാക്കി തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്തത്തങ്ങൾ താൻ നിറവേറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡൽഹിയിലെ തൽക്കത്തോര സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ബി.ജെ.പിയുടെ മേം ഭീ ചൗക്കീദാർ(ഞാനും കാവൽക്കാരൻ) കാമ്പെയ്‌നിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ''എന്റെ ഉത്തരവാദിത്തത്തിൻ കീഴിൽ നിങ്ങളാരുടെയും പണം അപഹരിക്കാൻ മറ്റാരെയും ഞാനനുവദിച്ചിട്ടില്ല. രാജ്യത്തിന്റെ സമ്പത്ത് സുരക്ഷിതമാണെന്ന് ഉറപ്പിക്കേണ്ടത് കാവൽക്കാരനെന്ന നിലയിൽ എന്റെ ചുമതലയായിരുന്നു. ഞാനത് നന്നായി ചെയ്തു. ഞാൻ മാത്രമല്ല കാവൽക്കാരനെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യാക്കാരനും, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും പ്രായമുള്ളവരും ചെറുപ്പക്കാരും..എല്ലാവരും കാവൽക്കാരാണ്. രാജ്യത്തിന് ആവശ്യം രാജാക്കന്മാരെയല്ല, കാവൽക്കാരെയാണ്.തൊപ്പിയും യൂണിഫോമും അണിഞ്ഞവർ മാത്രമല്ല കാവൽക്കാർ. " മോദി പറഞ്ഞു.

തന്നെ വിശ്വസിക്കുന്ന ജനങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ച നരേന്ദ്രമോദി, ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തനിക്ക് രണ്ടാമതും അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. നിരവധി പേർ പങ്കെടുത്ത മേം ഭീം ചൗക്കീദാറിന്റെ തത്സമയ സംപ്രേകഷണം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഒരുക്കിയിരുന്നു.