wayanad

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന് പിന്നിൽ അമേതിയിൽ തോൽക്കുമെന്ന ഭയം കാരണമെന്ന വിമർശനത്തിന് പിന്നിൽ വോട്ടുകണക്കുകളും. ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റ് നേടാനാണെന്ന് കോൺഗ്രസ് പറയുന്നുണ്ടെങ്കിലും അമേതിയിൽ കഴിഞ്ഞ തിര‌ഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വോട്ടുചോർച്ചയാണ് വയനാട് പോലെയൊരു സുരക്ഷിത മണ്ഡലം തേടാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഒരു തവണ ജനതാപാർട്ടിയും രണ്ട് തവണ ബി ജെ പിയും ജയിച്ചുകയറിയ ചരിത്രം മാറ്റിനിറുത്തിയാൽ കോൺഗ്രസിന്റെയും നെഹ്റു കുടുംബത്തിന്റെയും ഉരുക്കുകോട്ടയായിരുന്നു അമേതി.. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേതിയിലെ കോൺഗ്രസിന്റെ സാന്നിദ്ധ്യവും സ്വാധീനവും കുത്തനെ ഇടിയുന്നു എന്നാണ് വോട്ടുകണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2009ൽ മൂന്ന് ലക്ഷത്തിലധികം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 2014ൽ ഒരുലക്ഷത്തിൽപ്പരം വോട്ടിലേക്ക് കൂപ്പുകുത്തി. ആകെ വോട്ടർമാരുടെയെണ്ണം രണ്ടേകാൽ ലക്ഷത്തോളം കൂടിയപ്പോഴാണ് രാഹുലിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത്. വെറും 37,750 വോട്ടുമായി 2009ൽ മൂന്നാം സ്ഥാനത്തായിരുന്ന ബി.ജെ.പിയാണ് സ്മൃതി ഇറാനിയിലൂടെ 300,748 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കും കോൺഗ്രസിന് നൽകുന്നത് നല്ല വാർത്തയല്ല. അമേഠി ലോക്സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒന്നിൽപോലും കോൺഗ്രസിന് വിജയിക്കാനായില്ല. തിലോയ്, സലോംഗ്, ജഗ്ദീശ്പൂർ മണ്ഡലങ്ങളിലും അമേതിയിലും ബി.ജെപിയാണ് ജയിച്ചത്. ഗൗരീഗഞ്ജിൽ സമാജ്‌വാദി പാര്‍ട്ടിയും. രണ്ടിടത്ത് കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.

2017ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ബി.ജെ.പിക്ക് മൂന്ന് ലക്ഷത്തി നാൽപ്പത്താറായിരത്തി ഇരുന്നൂറ്റിയിരുപത്തിയാറ് (3,46,226) വോട്ടുള്ളപ്പോൾ കോൺഗ്രസിന് രണ്ട് ലക്ഷത്തിമുപ്പത്തിയേഴായിരത്തി ഇരുന്നൂറ്റിപ്പതിനാറ് (2,37,216) വോട്ടേയുളളു. ഒരു ലക്ഷത്തിലധികം വോട്ട് കുറവ്. അമേതിയിൽ കോൺഗ്രസ് നേരിടുന്ന ഈ പ്രശ്നമാണ് വയനാട് തിരഞ്ഞെടുക്കാൻ കോൺഗ്രസിന് പ്രേരണയായത് എന്ന വിമർശകരുടെ അഭിപ്രായം ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.