ഹൈദരാബാദ്: പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാമെന്ന് ചോദിക്കാൻ നരേന്ദ്ര മോദി ആരാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് മോദി ആശങ്കപ്പെടേണ്ടെന്നും. ജനങ്ങൾക്കുവേണ്ടി എന്തെല്ലാം ചെയ്യണമെന്നും നേതാവിനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് തങ്ങൾക്കറിയാമെന്നും മമത വ്യക്തമാക്കി. വിശാഖപട്ടണത്ത് തെലുങ്കുദേശം പാർട്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ കാവൽക്കാരനല്ല, ധനികരുടെയും അഴിമതിക്കാരുടെയും കാവൽക്കാരനാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ മോദി ഭീഷണിപ്പെടുത്തുകയാണെന്നും മോദി ഭരണത്തിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്‌തെന്നും മമത പറഞ്ഞു. മാധ്യമങ്ങളെപ്പോലും അദ്ദേഹം പരിഗണിക്കുന്നില്ല. ഇതുവരെ ഒരു പത്രസമ്മേളനത്തെപ്പോലും മോദി അഭിമുഖീകരിച്ചിട്ടില്ലെന്നും മമത ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ മമതാ ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം പങ്കെടുത്തു.