കാസർകോട്: കാസർകോട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് വരികയാണ്. കാസർകോട് എൽ.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണെങ്കിലും ശക്തമായി പോരാടി മണ്ഡലം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇതേസമയം പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചുവരെഴുത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്.
ഒറ്റ നോട്ടത്തിൽ ആരു കണ്ടാലും ഒന്ന് നെറ്റി ചുളിക്കും. കാസർകോട് യു.ഡി.എഫ് സ്ഥാനാർത്ഥി 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത്. 'ഉണ്ണിച്ചാക്ക്' എന്താണെന്ന് ആരും ഒന്ന് സംശയിച്ച് പോകും. രാഷ്ട്രീയ എതിരാളികൾ നൽകിയ പണിയാണോ എന്നുകൂടി ചിന്തിച്ച് പോകും. എന്നാൽ സത്യാവസ്ഥ നേരെ മറിച്ചാണ്.
ഇത് കാസർകോടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഭാഷയാണെന്ന് യു.ഡി.എഫുകാർ പറയുന്നു. ‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്നാണ് അർഥം വരുന്നത്. തിരുവനന്തപുരത്തുകാർക്ക് അണ്ണൻ വിളി എങ്ങിനെയാണോ ഇതോ പോലെയാണ് കാസർകോടുകാരുടെ ഇച്ച വിളിയും. അതുകൊണ്ടാണ് രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' എന്ന് എഴുതിയിരിക്കുന്നതെന്ന് യു.ഡി.എഫുകാർ വിശദീകരിക്കുന്നു.