മയാമി ഒാപ്പൺ
ആഷ്ലി ബാർട്ടിക്ക് കിരീടം
മയാമി : ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന പ്ളിസ്ക്കോവയെ കീഴടക്കി ആസ്ട്രേലിയൻ താരം ആഷ്ലി ബാർട്ടി മയാമി ഒാപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ 7-6 (7/1), 6-3 എന്ന സ്കോറിനായിരുന്നു ബാർട്ടിയുടെ വിജയം. അഞ്ചുവർഷംമുമ്പ് പ്രൊഫഷണൽ സർക്യൂട്ടിലെ സമ്മർദ്ദം സഹിക്കാനാകാതെ ടെന്നിസ് വിട്ട് ക്രിക്കറ്റിലേക്ക് കളം മാറ്റിയിരുന്ന താരമാണ് ആഷ്ലി ബർട്ടി. 2016 ലാണ് വീണ്ടും ടെന്നിസ് കോർട്ടിലെത്തിയത്. ബാർട്ടിയുടെ ആദ്യ ഡബ്ളിയു.ടി. എ കിരീടമാണിത്.
കരുണരത്നെ അറസ്റ്റിൽ
കൊളംബോ : മദ്യപിച്ച് വാഹനമോടിച്ചതിന് ശ്രീലങ്കൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടൻ ദിമുത്ത് കരുണരത്നെ കൊളംബോയിൽ അറസ്റ്റിലായി. മദ്യപിച്ച് ലക്കുകെട്ട കരുണരത്നെ ഒാടിച്ച കാർ അപകടമുണ്ടാക്കിയതാണ് പ്രശ്നമായത്. പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
സച്ചിൻ പവാറിനെ കണ്ടു
മുംബയ് : പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിൽ രാജ്യം അമരവേ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇന്നലെ എൻ.സി.പി നേതാവ് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിക്കണ്ടത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. എന്നാൽ സച്ചിൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മുംബയ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ്പവാറിനെ കണ്ടതെന്നും താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.