ipl

ന്യൂഡൽഹി : ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ ഋഷഭ് പന്തിന്റെ പ്രവചനത്തിന് പിന്നിൽ ഒത്തുകളിയാണെന്ന് വിവാദം ഉയർന്നിരുന്നു. പ്രശ്നത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐ. സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണെന്നാണ് ബി.സി.സി.ഐയുടെ പ്രതികരണം.

കൊൽക്കത്തയുടെ ഒന്നാം വിക്കറ്റിന് പോയതിനു പിന്നാലെ റോബിൻ ഉത്തപ്പ ക്രീസിൽ എത്തിയപ്പോൾ അടുത്ത ബോൾ ഫോറാണെന്ന് ഡൽഹിയുടെ വിക്കറ്റ് കീപ്പറായ പന്ത് പറയുകയായിരുന്നു. ഇത് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് തന്റെ ആദ്യ പന്ത് നേരിട്ട ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തതോടെ ഇത് മാച്ച് ഫിക്‌സിംഗ് ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ആരാധകർ രംഗത്തെത്തുകയാാരുന്നു.


'അടുത്ത പന്ത് ഫോറാണെന്നാണ്' പന്ത് വീഡിയോയിൽ പറയുന്നത്. വിഷയത്തിൽ പ്രതികരിച്ച ബി.സി.സി.ഐയിലെ മുതിർന്ന അംഗം വിവാദ ഭാഗത്തിനു മുൻപ് എന്താണ് അദ്ദേഹം പറയുന്നതെന്ന് വ്യക്തമല്ലെന്നും ഇത് കാര്യമാക്കേണ്ടതില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്.

'ഋഷഭ് പന്ത് ആ വാക്കിനു മുൻപ് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ആരും കേട്ടിട്ടില്ല. അയാൾ ഫീൽഡ് വിന്യാസത്തെക്കുറിച്ച് ഡൽഹി നായകന്‍ ശ്രേയസ് അയ്യരോട് സംസാരിക്കുന്നതാകാം. ഫീൽഡിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഫോർ പോയേക്കുമെന്നാകാം അയാൾ പറയുന്നത്' ബി.സി.സി.ഐ വക്താവ് പറഞ്ഞു.