തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്ത്വം ഉറപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ അതീവ സന്തോഷത്തിലാണ്. എന്നാൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വമുമായി ബന്ധപ്പെട്ട് സി.പി.എം വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി. ബൽറാം രംഗത്ത്. സി.പി.എമ്മിന്റെയും നിഷ്പക്ഷ ബുദ്ധിജീവികളുടെയും അടവുകളൊന്നും ഫലിക്കില്ലെന്നും രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഭൂരിപക്ഷം ലഭിക്കുമെന്നും വി.ടി. ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഇവിടത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ബോധ്യമാവുന്ന, ഉചിതമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാം. അതിർത്തിക്കപ്പുറത്ത് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത് പകരാൻ ശ്രമിക്കുകയും കേരളത്തിൽ അതേ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് വീമ്പിളക്കുകയും ചെയ്യുന്നതിലെ അപഹാസ്യതയും ബൽറാം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്ത്വം ഉറപ്പിക്കുന്നതു വരെ സിപിഎം നേതാക്കളും 'നിഷ്പക്ഷ' ബുദ്ധിജീവികളും എല്ലാം ഉപദേശിച്ചതും സ്റ്റഡി ക്ലാസെടുത്തതും കാലുപിടിച്ചതും നെഞ്ചത്തടിച്ച് നിലവിളിച്ചതും ഒക്കെ മനസ്സിലാക്കാം.
പക്ഷേ, ഇപ്പോൾ അദ്ദേഹം വയനാട്ടിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണ്. അദ്ദേഹം തന്നെ അവിടെ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ പാർട്ടി തീരുമാനിച്ചു. പലവിധ പരിഗണനകളും പരിശോധിച്ച് അവസാനം അദ്ദേഹവും അതിനോട് യോജിച്ചു. നിങ്ങളുടെ രോദനങ്ങൾക്ക് ഇനി ആ തീരുമാനത്തെ മാറ്റാനാവില്ല.
അതുകൊണ്ട് ഇനി നിങ്ങൾക്ക് മുന്നിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ രാഹുൽഗാന്ധി ദുർബ്ബലനാണ്, അമേഠിയിൽ നിന്ന് സ്മൃതി ഇറാനിയെ പേടിച്ചോടി, എന്നൊക്കെയുള്ള സംഘി പ്രൊപ്പഗണ്ട നിങ്ങൾക്കും ഏറ്റെടുത്ത് ആവർത്തിക്കാം, സംഘികൾ പോലും ഏതാണ്ട് നിർത്തിയ പപ്പു വിളികളൊക്കെ നിങ്ങൾക്ക് പൊടിതട്ടിയെടുക്കാം, ആനയുടെ തലയും അരണയുടെ ബുദ്ധിയുമുള്ള നിങ്ങടെ നേതാക്കന്മാർക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിയായ പിതാവിനെ വരെ ചാനൽ മുറികളിലിരുന്ന് അധിക്ഷേപിക്കാം.
അല്ലെങ്കിൽ, ഇന്ത്യൻ മതേതരത്വം ചില പുതിയ പ്രതീക്ഷകൾ നട്ടുവളർത്തുന്ന ഇക്കാലത്ത്, അതിന്റെ നായകൻ നമ്മുടെ കേരളത്തെ ഒരു തെരഞ്ഞെടുപ്പ് തട്ടകമായി തെരഞ്ഞെടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇവിടത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ബോധ്യമാവുന്ന, ഉചിതമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാം. അതിർത്തിക്കപ്പുറത്ത് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത് പകരാൻ ശ്രമിക്കുകയും കേരളത്തിൽ അതേ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് വീമ്പിളക്കുകയും ചെയ്യുന്നതിലെ അപഹാസ്യത ഇല്ലാതാക്കാം.
ഇത് രണ്ടായാലും രാഹുൽ ഗാന്ധിയേയോ അദ്ദേഹത്തിന്റെ വിജയത്തിനേയോ ഭൂരിപക്ഷത്തിനേയോ അത് ഒരു തരത്തിലും ബാധിക്കുകയില്ല എന്ന് നിങ്ങളേപ്പോലെത്തന്നെ ഈ നാട്ടുകാർക്ക് മുഴുവൻ അറിയാം.
ഇതല്ലെങ്കിൽ, മൂന്നാമതൊരു ഓപ്ഷൻ കൂടിയുണ്ട്. ഒരു ഇരുപത് വർഷം കഴിഞ്ഞ് ഒരു പാർട്ടി പ്ലീനം വിളിച്ചു ചേർത്ത് ഇന്നത്തെ നിലപാട് ഒരു ഹിമാലയൻ ബ്ലണ്ടറായിരുന്നു എന്ന് വിലയിരുത്താം. അത് പക്ഷേ അന്ന് നിങ്ങടെ പാർട്ടി അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രം!