മലപ്പുറം: സർക്കാർ ഉത്തരവും നിയമന മാനദണ്ഡങ്ങളും വകുപ്പു മേധാവികൾ മുഖവിലയ്ക്കെടുക്കാതെ വന്നതോടെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴായിരത്തിലധികം ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ. ഉറക്കമൊഴിച്ച് പഠിച്ചു റാങ്ക് ലിസ്റ്റിൽ കയറിയവരെ തഴഞ്ഞ് താത്ക്കാലിക നിയമനങ്ങൾ, അന്തർജില്ലാ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ആശ്രിത നിയമനം എന്നിവയ്ക്കായി ഒഴിവുകൾ വകമാറ്റുകയാണ്. ഇതോടെ ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽ.ഡി, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് നിയമനത്തിൽ ഏറെ പിന്നിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് എൽ.ഡി.സി റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് എട്ടുമാസവും പിന്നിട്ടു. ജില്ലയിൽ എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ 3,305 പേരും ലാസ്റ്റ് ഗ്രേഡിൽ 3,846 പേരുമാണ് ഉൾപ്പെട്ടത്. ഇതിൽ എൽ.ഡി.സിയിൽ 97 പേർക്കും ലാസ്റ്റ് ഗ്രേഡിൽ 51 പേർക്കും മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. എൽ.ഡി.സിയിൽ ഏറ്റവും കുറച്ചുപേർക്ക് നിയമന ശുപാർശ ലഭിച്ചത് മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ്. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിലും ജില്ല സംസ്ഥാനത്ത് ഏറെ പിന്നിലാണ്. സ്ഥലംമാറ്റം, ആശ്രിത നിയമനം എന്നിവയ്ക്കായി നിശ്ചിത ശതമാനം ഒഴിവുകളേ മാറ്റിവയ്ക്കാവൂ എങ്കിലും വകുപ്പുമേധാവികൾ ഈ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. യോഗ്യതകളേക്കാൾ രാഷ്ട്രീയ താത്പര്യങ്ങളാണ് താത്ക്കാലിക നിയമനങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
ഉത്തരവുകൾക്ക് വിലയില്ല
ജില്ലയിൽ മിക്ക പ്രധാന വകുപ്പുകളിൽ നിന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല.
ഈ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ ജനുവരിക്കകം റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് പോലും വകുപ്പുമേധാവികൾ പാലിച്ചിട്ടില്ല. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
ഉദ്യോഗാർത്ഥികളുടെ പരാതികളെ തുടർന്ന് ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികളോട് ജില്ലാ കളക്ടർ അമിത് മീണയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അംലഭാവം കാണിച്ചിട്ടും നടപടിയെടുക്കാത്തത് ഉദ്യോഗസ്ഥർക്ക് ബലമേകുന്നുണ്ട്.
കഴിഞ്ഞ വർഷവും ഇത്തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതു പാലിക്കപ്പെട്ടിരുന്നില്ല. ആർക്കെതിരെയും നടപടിയുമുണ്ടായില്ല.
എൽ.ഡി.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 3,305
നിയമന ശുപാർശ ലഭിച്ചത് 97
ലാസ്റ്റ് ഗ്രേഡ് - റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് 3,846
നിയമന ശുപാർശ ലഭിച്ചത് 51