മലപ്പുറം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ വയനാട്ടെ വിജയം തിരിച്ചുപിടിക്കാൻ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്ന് സി.പി.ഐ. ഇന്നലെ ജില്ലാ എക്സിക്യുട്ടീവ് ചേർന്ന് സ്ഥാനാർത്ഥി സാദ്ധ്യതാ പാനൽ തയ്യാറാക്കി. സി.പി.ഐ മുൻജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ പി.പി. സുനീറിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താത്പര്യം. ജില്ലാ കൗൺസിൽ സമർപ്പിച്ച സാദ്ധ്യതാപാനൽ ഈമാസം 3, 4 തീയതികളിലായി ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം ചർച്ച ചെയ്യും. വയനാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികളും സാദ്ധ്യതാപാനൽ നൽകേണ്ടതുണ്ട്. വയനാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ തവണ മത്സരിച്ച സത്യൻ മൊകേരിയെയാണ് ഉയർത്തിക്കാട്ടുന്നത്. മലപ്പുറത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനം മികച്ച രീതിയിൽ നടത്തിയ പി.പി. സുനീർ സംസ്ഥാന നേതാക്കളുടെയടക്കം വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. സംസ്ഥാന എക്സിക്യുട്ടീവിലേക്ക് ഉയർത്തുകയും ചെയ്തു. ജില്ലയിൽ നിന്ന് നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജകമണ്ഡലങ്ങളും വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട്ടെ തിരുവമ്പാടി നിയോജകമണ്ഡലങ്ങളുമാണ് വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിലമ്പൂർ, കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്. സുൽത്താൻ ബത്തേരിയിലും വണ്ടൂരിലും കോൺഗ്രസും ഏറനാട്ടിൽ മുസ്‌ലിം ലീഗുമാണ്. 2009ൽ രൂപീകൃതമായ മണ്ഡലത്തിൽ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ എം.ഐ. ഷാനവാസ് സി.പി.ഐയുടെ അഡ്വ. റഹ്മത്തുള്ളയെ തോൽപ്പിച്ചത്. ഷാനവാസ് 4.10 ലക്ഷം വോട്ട് നേടിയപ്പോൾ 2.57 ലക്ഷം വോട്ടുകൊണ്ട് സി.പി.ഐക്ക് തൃപ്തിപ്പെടേണ്ടി വന്നു. എൻ.സി.പി സ്ഥാനാർത്ഥിയായി കെ. മുരളീധരൻ 99,663 വോട്ട് നേടിയിട്ടും മണ്ഡലത്തിൽ പോൾ ചെയ്ത വോട്ടിന്റെ പകുതിയും കോൺഗ്രസ് നേടി. 2014ൽ എത്തിയപ്പോഴേക്കും ചിത്രം തീർത്തും വ്യത്യസ്തമായി. എം.ഐ ഷാനവാസിനെതിരെ മത്സരം കനപ്പിച്ച സി.പി.ഐയുടെ സത്യൻ മൊകേരിക്ക് വിജയം നഷ്ടമായത് തൊട്ടരികെ നിന്നും. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറയ്ക്കാൻ മൊകേരിക്കായി. അപരന്മാർ 8,000ത്തോളം വോട്ടുകൾ നേടിയ സ്ഥാനത്താണിത്. സത്യൻ മൊകേരിയെങ്കിൽ 2019ലും ഈ സാദ്ധ്യതകൾ ആവർത്തിച്ചേക്കാമെന്ന നിലപാടിലാണ് ഒരുവിഭാഗം നേതാക്കൾ. ഇരുനേതാക്കൾക്കുമായി ജില്ലാകമ്മിറ്റികൾ നിലകൊണ്ടാൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമെടുക്കും. ഇരുവരെയും പിണക്കാതെ പുതിയൊരു സ്ഥാനാർത്ഥിയെന്ന തന്ത്രവും പയറ്റിയേക്കും. കൂട്ടിയും കിഴിച്ചും സി.പി.ഐ കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് 37,123 വോട്ട് നേടിയ പി.വി. അൻവർ നിലവിൽ നിലമ്പൂരിലെ ഇടതുപക്ഷ എം.എൽ.എയാണ്. വിരേന്ദ്രകുമാർ യു.ഡി.എഫ് വിട്ടതും എസ്.സി, എസ്.ടി വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിൽ സി.കെ. ജാനുവിനെ കൂടെനിറുത്താൻ കഴിഞ്ഞതും സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതായും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടെ നിയോജക മണ്ഡലങ്ങളിൽ ആറായിരത്തോളം വോട്ടിന്റെ മേൽക്കോയ്മ നേടാൻ കഴിഞ്ഞതായും സി.പി.ഐ അവകാശപ്പെടുന്നു. നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലെ കോൺഗ്രസ്- ലീഗ് പോര് പരിഹരിക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതും അവസരമായാണ് ഇടതുപക്ഷം കാണുന്നത്. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകൾ ചെറുക്കുന്നതിൽ ലീഗിന് വന്ന വീഴ്ച്ചയും മുത്തലാഖിൽ കുഞ്ഞാലിക്കുട്ടി ഹാജരാകാതിരുന്നതടക്കമുള്ളവയും മുസ്‌ലിം വോട്ടർമാരെ സ്വാധീനിച്ചേക്കുമെന്നും കണക്കുകൂട്ടുന്നു. ഹിന്ദുത്വത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നിലപാടുകളാണെന്ന പ്രചാരണത്തിനും ശക്തികൂട്ടും. മദ്ധ്യപ്രദേശിൽ അധികാരമേറ്റ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഗോവധത്തിലെടുത്ത വിവാദ തീരുമാനങ്ങൾ അടക്കമുള്ളവ ചർച്ചയാക്കും. മലയോര കർഷകർക്കും ആദിവാസികൾക്കും പട്ടയം വിതരണം ചെയ്തതും ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു. അതേസമയം മണ്ഡലം കൂടുതൽ സുരക്ഷിതമാക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം. സംസ്ഥാനത്ത് കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായാണ് വയനാടിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ മണ്ഡലത്തിനായി ശ്രമിച്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് അടക്കമുള്ളവർ സീറ്റിനായി രംഗത്തുണ്ട്. സി.പി.ഐ പണി തുടങ്ങി മൂന്ന് നിയോജക മണ്ഡലങ്ങളിലായുള്ള 23 പഞ്ചായത്തുകൾക്കും ജില്ലാകമ്മിറ്റി ചുമതലക്കാരെ നിശ്ചയിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബൂത്ത് കമ്മിറ്റി യോഗങ്ങൾ ചേരുന്നുണ്ട്. വോട്ടർപട്ടികയിൽ പേരുചേർപ്പിക്കുന്ന പ്രവൃത്തി ഇന്നും നാളെയുമായി പൂർത്തീകരിക്കും. കഴിഞ്ഞ തവണത്തേക്കാൾ അനുകൂലമായ സാഹചര്യമാണ് ജില്ലയിൽ എൽ.ഡി.എഫിനുള്ളത്. വയനാട്ടിൽ മികച്ച വിജയം നേടാനാവും. പി.കെ. കൃഷ്ണദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി