പൊന്നാനി: പൂർണ്ണസജ്ജമായ പൊന്നാനി മാതൃശിശു ആശുപത്രിയിലെ കടിഞ്ഞൂൾ പ്രസവത്തിൽ പെൺകുഞ്ഞ് പിറന്നു.നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പേര് വിളിച്ചു. ശ്രീദുർഗയെന്ന്. മറവഞ്ചേരി സ്വദേശികളായ സജുവിനും ആതിരയ്ക്കും നിറഞ്ഞ സന്തോഷം. ഹൈടെക് സൗകര്യങ്ങളോടെ സജ്ജീകരിച്ച മാതൃശിശു ആശുപത്രിയിൽ ഇന്നലെയാണ് കിടത്തി ചികിത്സയും പ്രസവവും ആരംഭിച്ചത്. കാലത്ത് 9 :35ന് കടിഞ്ഞൂൽ പ്രസവത്തിന് നിയോഗമുണ്ടായത് ആതിരയ്ക്കായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. ആശുപത്രിയിൽ പിറന്ന ആദ്യ കുഞ്ഞുമായി ഡോ.ഗംഗ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പിതാവ് സജുവിനൊപ്പം നിയമസഭ സ്പീക്കറും കാത്തു നിൽക്കുന്നുണ്ടായിരുന്നു.സജുവിന്റെയും ബന്ധുക്കളുടെയും സമ്മതത്തോടെ സ്പീക്കർ ശ്രീദുർഗ്ഗയെന്ന് കുഞ്ഞിന് പേര് ചൊല്ലി വിളിച്ചു.കൂടി നിന്നവർ കൈയടിയോടെ പേര് സ്വീകരിച്ചു. സജുവിനും ആതിരക്കുമുള്ള സമ്മാനം സ്പീക്കർ നൽകി.കുഞ്ഞിനുള്ള നഗരസഭയുടെ സമ്മാനമായി തൊട്ടിൽ നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു. ഡോ.സലീം മൊഹ്യുദ്ദീൻ, ഡോ.ഗംഗ, ഡോ.സുനിൽ, ഡോ.നിർമ്മൽ എന്നിവർ സിസേറിയന് നേതൃത്വം നൽകി. ഗർഭിണികൾക്ക് മികച്ച പരിചരണവും സുഖപ്രസവവും ഉറപ്പാക്കി അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ 'മാതൃയാനം' പദ്ധതിക്ക് മാതൃശിശു ആശുപത്രിയിൽ തുടക്കമായി. ജില്ല തല ഉദ്ഘാടനമാണ് ആശുപത്രിയിൽ നിയമസഭ സ്പീക്കർ തുടക്കം കുറിച്ചത്. പൊന്നാനി മാതൃ ശിശു ആശുപത്രിക്ക് പുറമെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി, പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, മലപ്പുറം, തിരൂരങ്ങാടി താലൂക്ക് ആശുപത്രികൾ, എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കും. അടുത്ത മാസംമുതൽ ഈ ആശുപത്രികളിൽ 'മാതൃയാനം' നടപ്പാക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രസവത്തിന് ശേഷം വീട്ടിലേക്ക് പോകാൻ ടാക്സി സംവിധാനമൊരുക്കുന്ന പദ്ധതിയാണിത്.