മഞ്ചേരി: പുതിയ ഗതാഗത പരിഷ്കാരം നിലവിൽ വന്ന ഇന്നലെയും മഞ്ചേരിയിൽ ബസ് തൊഴിലാളികളുടെ പ്രതിഷേധവും മിന്നൽ പണിമുടക്കും.കോഴിക്കോടു ഭാഗത്തേക്കുള്ള ബസുകളാണ് മിന്നൽ പണിമുടക്ക് നടത്തിയത് പാണ്ടിക്കാട് റോഡിലെ പുതിയ സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും സംബന്ധിച്ച് പൊലീസുമായുണ്ടായ തർക്കമാണ് മിന്നൽ പണിമുടക്കിനു കാരണമായത്. ഇതോടെ യാത്രക്കാരും വലഞ്ഞു. ഉച്ചയ്ക്ക് മൂന്നുമണിക്ക് മഞ്ചേരി സി.ഐയുമായി ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ഇതോടെ വെള്ളിയാഴ്ചയും കോഴിക്കോട് ഭാഗത്തേക്കു ബസ് സർവീസ് നടത്തേണ്ടെന്ന തീരുമാനത്തിലാണ് തൊഴിലാളികൾ. മലപ്പുറത്ത് ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അതോറിറ്റി യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഭാഗത്തേക്കുള്ള മുഴുവൻ ബസുകളും കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചു സർവീസ് നടത്താൻ തീരുമാനമായത്.നിലമ്പൂർ, വണ്ടൂർ, അരീക്കോട്, പാണ്ടിക്കാട് ഭാഗത്തു നിന്നു കോഴിക്കോടു ഭാഗത്തേക്കുള്ള ബസുകൾ പാണ്ടിക്കാട് റോഡിലെ പുതിയ ബസ് സ്റ്റാന്റിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത് സെൻട്രൽ ജംഗ്ഷൻ വഴി കച്ചേരിപ്പടി സ്റ്റാന്റിലെത്തി ട്രാക്കിൽ നിറുത്തി യാത്ര തിരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് പരിഷ്ക്കാരത്തിന്റെ ആദ്യ ദിവസം ബസുകൾ പുതിയ സ്റ്റാന്റിലെത്തി യാത്രക്കാരെ ഇറക്കി കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റിയത് പൊലീസുമായുള്ള വാക്കേറ്റത്തിനിടയാക്കി. ഇതോടെ ബസ് തൊഴിലാളികൾ കോഴിക്കോട് ഭാഗത്തേക്കുള്ള മുഴുവൻ സർവീസുകളും നിറുത്തിവച്ചു. തീരുമാനത്തിനു വ്യത്യസ്തമായ നിലപാട് പൊലീസിൽ നിന്നുണ്ടായതാണ് പ്രശ്നകാരണമെന്നും ഈ നിലയിൽ സർവീസ് തുടരാനാവില്ലെന്നും ബസ് തൊഴിലാളികൾ നിലപാടെത്തു. നഗരത്തിൽ നിന്നും മറ്റു ഭാഗങ്ങളിലേക്കുള്ള ബസുകൾ പതിവുപോലെ സർവ്വീസ് നടത്തി. കച്ചേരിപ്പടി ബസ് സ്റ്റാന്റു കൂടി ഉൾപ്പെടുത്തി ഗതാഗത സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നാറ്റ്പാക്ക് റിപ്പോർട്ട് ഘട്ടംഘട്ടമായാണ് നഗരത്തിൽ നടപ്പാക്കുന്നത്. ഗതാഗത രീതിയിൽ അനുദിനം വരുത്തുന്ന മാറ്റങ്ങൾ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളുടെ യാത്രാരീതിയിൽ വ്യത്യാസം വരുത്തിയതിനെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം വ്യാപകമാണ്.