തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ച് അക്രമത്തിലും ലാത്തിച്ചാർജ്ജിലും കല്ലേറിലും കലാശിച്ചു .ഇന്നലെ രാവിലെ പതിനൊന്നോടെ എം.എസ്.എഫ് ' കാലിക്കറ്റ് സ ർ വ ക ലാ ശാ ല യിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രധാന കവാടത്തിലാണ് പൊലീസ് മാർച്ച് തടഞ്ഞത്. സിസോൺ കലോത്സവത്തിൽ അർഹരായ മുഴുവൻ മത്സരാർത്ഥികളെയും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ച് പ്രധാന ഗേറ്റിൽ പൊലീസ് തടഞ്ഞു. സമരം ആദ്യം
സമാധാനപരമായിരുന്നെങ്കിലും പിന്നീട് പ്രധാന കവാടത്തിന്റെ ഗേറ്റ് തള്ളിത്തുറന്നു എം.എസ്.എഫ് പ്രവർത്തകർ 100 മീറ്ററോളം ഉള്ളിലേക്ക് തള്ളിക്കയറി. പ്രധാന കവാടത്തിലുണ്ടായിരുന്ന സി സോൺ കലോത്സവത്തിന്റെ കവാടം പൂർണ്ണമായും തല്ലിത്തകർത്തു. കാമ്പസിനകത്തെ എസ്.എഫ്.ഐയുടെ കൊടികളും കലോത്സവത്തിന്റെ തോരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇതിനകം കാമ്പസിലെ ഗസ്റ്റ് ഹൗസിന് സമീപം തടിച്ചുകൂടിയ എസ്.എഫ്.ഐ പ്രവർത്തകരുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉടലെടുത്തതോടെ പൊലീസ് ലാത്തിവീശി സമരക്കാരെയും കൂടി നിന്ന എസ്.എഫ്.ഐക്കാരെയും വിരട്ടിയോടിച്ചു. സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി . ചിതറിയോടിയ സമരക്കാർ ദേശീയപാത ഉപരോധിക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാർ പൊലീസിനെ കല്ലെറിഞ്ഞു.
വീണ്ടും ലാത്തി വീശി സമരക്കാരെ ഓടിക്കുന്നതിനിടയിൽ ഏതാനും പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. ഏഷ്യാനെറ്റ് കാമറാമാൻ വി.ആർ രാഗേഷിന് കല്ലേറിൽ കൈക്ക് പരിക്കേറ്റു .ഏതാനും എം.എസ്.എഫുകാർക്കും പൊലീസുകാർക്കും നിസാര പരിക്കുണ്ട്.
മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ മലപ്പുറം സി.ഐ. പ്രേംജിത് , കൊണ്ടോട്ടി സി.ഐ എം.ഗംഗാധരൻ, എസ്.ഐ ബിനു കെ. തോമസ് എന്നിവർ ഉൾപ്പെട്ട ' വൻപൊലീസ് സംഘമാണ് സമരക്കാരെ നേരിട്ടത്