മഞ്ചേരി: ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. അരക്കുപറമ്പ് പള്ളിക്കുന്ന് വെള്ളടിക്കാട്ടിൽ അബ്ദുറഹ്മാൻ (68) ആണ് പ്രതി. കൊലപാതകം, മോഷണം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതിയിൽ തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ.വി. നാരായണൻ ഇന്നു വിധിക്കും. കോടതി റിമാനൻഡ്ചെയ്ത പ്രതിയെ മഞ്ചേരി സബ്ജയിലിലേക്കു മാറ്റി.
എടയൂർ പൂക്കാട്ടിരി പാങ്ങോട് ഹംസഹാജിയുടെ മകൾ ജുബൈരിയയെ(48) തോട്ടിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. 2015 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. ജുബൈരിയയുടെ സ്വർണാഭരണങ്ങൾ പ്രതി മോഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്യപ്പെടുമെന്ന സംശയത്തിൽ പ്രതി യുവതിയെ പൂക്കാട്ടിരിയിലെ പന്തച്ചിറ തോട്ടിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയും മൃതദേഹത്തിൽ നിന്നും ബാക്കിയുള്ള ആഭരണങ്ങൾകൂടി കവർന്നെടുത്തു തെളിവു നശിപ്പിക്കാൻ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തശേഷം വെള്ളത്തിൽ ഒഴുക്കിവിട്ടെന്നുമാണ് കേസ്.
മോഷണം സംബന്ധിച്ചു ജുബൈരിയയും സഹോദരിയും പ്രതിയുടെ ഭാര്യയുമായ ജസീലയും സംശയം പ്രകടിപ്പിച്ചതോടെ തമിഴ്നാട്ടിലെ ആരാധനാലയത്തിലെത്തി സത്യമിടാൻ കൊല്ലപ്പെട്ട സ്ത്രീയും പ്രതിയും യാത്ര പോയിരുന്നു. ഇതിനുശേഷം തിരിച്ചെത്തി ഭാര്യാ സഹോദരിയെ പൂക്കാട്ടിരിയിലെ വീട്ടിലെത്തിച്ച പ്രതി സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പ്രതിയെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സൈബർസെല്ലിന്റെ സഹായത്തോടെ കൊല്ലപ്പെട്ട സ്ത്രീയുടേയും പ്രതിയുടേയും മൊബൈൽ ലൊക്കേഷൻ വിവരങ്ങൾ അന്വേഷണ സംഘവും പ്രോസിക്യൂഷനും കോടതിയിൽ ഹാജരാക്കി. കവർന്നെടുത്ത ആഭരണങ്ങൾ പ്രതിയിൽ നിന്നും വിൽപ്പന നടത്തിയ സ്വർണ വിപണന കേന്ദ്രത്തിൽ നിന്നും കണ്ടെത്താനായത് കേസിൽ നിർണ്ണായകമായെന്നും സംശയാതീതമായി കേസ് തെളിയിക്കാനായെന്നും പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു പറഞ്ഞു. 43 സാക്ഷികളിൽ 23 പേരെ കടതിയിൽ വിസ്തരിച്ചു. 25 രേഖകളും പ്രതി കവർന്ന ആഭരണങ്ങളും മൊബൈൽ ഫോണുമടക്കം എട്ടു തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതി മുമ്പാകെ ഹാജരാക്കി.