മഞ്ചേരി: വ്യാജസ്വർണം പണയംവച്ച് ബാങ്കിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു. പയ്യനാട് സ്വദേശി ഏറാന്തൊടി മുഹമ്മദ് അഷ്റഫ് (33) ആണ് പിടിയിലായത്. 2015ൽ വ്യാജസ്വർണം പണയംവച്ച് മഞ്ചേരി യൂണിയൻ ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലാണ് എറണാകുളത്തെ രഹസ്യകേന്ദ്രത്തിൽ നിന്നും മഞ്ചേരി പൊലീസ് ഇയാളെ പിടികൂടിയത്.ഇയാൾ നേരത്തെയും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പലിശ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ലേലനടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് വ്യാജ സ്വർണമാണെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞത്. വർഷങ്ങളോളമായി കുടുംബവുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാൽ പ്രതിയെ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് പ്രയാസമായിരുന്നു. വിവിധ ബാങ്കുകളിൽ വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത പ്രതിയെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എസ്.ഐ മുഹമ്മദ്, എ.എസ്.ഐ ശുഐബ് ,ഉണ്ണികൃഷ്ണൻ മാരാത്ത്, ഗിരീഷ് ഓട്ടുപാറ, പി. സഞ്ജീവ് ,ദിനേശ് ഇരുപ്പകണ്ടൻ , മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.