പൊന്നാനി: പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ വച്ച് നാലര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ കർണാടക സ്വദേശി അറസ്റ്റിൽ. മതപഠനത്തിനായി കേന്ദ്രത്തിൽ താമസിച്ചിരുന്ന ബങ്കൽകോട്ട് ലോകപ്പൂർ സ്വദേശി ഹടപ്പാട് അശോകാണ് (37) അറസ്റ്റിലായത്. മതപഠനത്തിനായി കേന്ദ്രത്തിലെത്തിയ കുടുംബത്തിലെ ബാലികയെ ശാരീരിക അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം വെളിപ്പെട്ടത്. തുടർന്ന് സ്ഥാപന മേധാവികൾ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. കൗൺസലിംഗിൽ കുട്ടി പീഡനത്തിനിരയായതായി ബോദ്ധ്യമായതോടെ പൊന്നാനി പൊലീസിൽ പരാതി നൽകി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കർണാടകയിലെ മംഗലാപുരത്തിനടുത്ത് ഉള്ളാലിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. പൊന്നാനിയിൽ നിന്ന് കർണാടകയിലെ താമസസ്ഥലത്തേക്ക് കടന്ന പ്രതി പാസ്‌പോർട്ട് തരപ്പെടുത്തി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്. കാസർകോട് താമസിച്ചിരുന്ന കൊല്ലം സ്വദേശികളായ കുട്ടിയുടെ കുടുംബം 15 ദിവസം മുമ്പാണ് കേന്ദ്രത്തിൽ മതപഠനത്തിനെത്തിയത്. സ്ത്രീകളെയും പുരുഷൻമാരെയും രണ്ടിടങ്ങളിലായാണ് താമസിപ്പിച്ചിരുന്നത്. അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പിതാവിനെ കാണാൻ ഇടയ്ക്കിടെ പോവുമായിരുന്നു. ഇവിടെ വച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.