മലപ്പുറം: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് ശരാശരിയിൽ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മാർച്ച് അഞ്ച് മുതൽ ശരാശരിയിൽ നിന്നും എട്ട് ഡിഗ്രിയിൽ അധികം ചൂട് വർദ്ധിച്ചേക്കാം. സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.
ശ്രദ്ധിക്കണം
• രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം.
• നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽ കരുതണം.
• രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയെങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം.
• പരമാവധി ശുദ്ധജലം കുടിക്കുക
• അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
• പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം.
• ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം
• താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത മുൻനിറുത്തി ലേബർ കമ്മിഷണർ തൊഴിൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദ്ദേശം പാലിക്കുക
സൂര്യാഘാതം പ്രതിരോധ
മാർഗ്ഗങ്ങൾ
• കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക
• ശുദ്ധജലം ധാരാളം കുടിക്കുക. ദിവസത്തിൽ എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും
കുടിക്കുക. ദ്രവരൂപത്തിലുള്ള ആഹാരപദാർത്ഥങ്ങൾ കഴിക്കുക, നിർജ്ജലീകരണം ഒഴിവാക്കുക, ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.
• നനച്ച തുണിപിഴിഞ്ഞ് ശരീരം തുടയ്ക്കുക
• ശരീരം പൂർണ്ണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാദ്ധ്വാനം ഉള്ള പ്രവൃത്തികൾ ഒഴിവാക്കുക.
• പുറംവാതിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കുക. ഇടയ്ക്കിടെ വിശ്രമിക്കുക.
• കഫീൻ, മദ്യം മുതലായവ ഒഴിവാക്കുക
• സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സൺ ഗ്ലാസുകൾ, കൂളിംഗ് ഗ്ലാസുകൾ ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽ നിന്നും സംരക്ഷണം നൽകും.
സൂര്യാഘാത
ലക്ഷണങ്ങൾ
സൂര്യാഘാതം മൂലം 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ശരീരോഷ്മാവ് ഉയരുക, ചർമ്മം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടിത്തം എന്നിവ ഉണ്ടാകുക , കൃഷ്ണമണി വികസിക്കുക, ക്ഷീണം ,ചുഴലി രോഗ ലക്ഷണങ്ങൾ, ബോധക്ഷയം എന്നിവ ഉണ്ടാകുക, ചൂടിന്റെ ആധിക്യം മൂലം ക്ഷീണം, തളർച്ച, മസിൽ പിടുത്തം, ഓക്കാനം, ചർദ്ദി, കൂടിയതോ കുറഞ്ഞതോ ആയ നാഡിമിടിപ്പ്, അസാധാരണമായ വിയർപ്പ് , മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞ നിറം ആവുക, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ
സൂര്യാഘാതമേറ്റാൽ ചെയ്യേണ്ടത്
• രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക
• ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക
•കാലുകൾ ഉയർത്തിവയ്ക്കുക
• വെള്ളത്തിൽ നനച്ച തുണി ദേഹത്തിടുക
• വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ എന്നിവ നൽകുക