മഞ്ചേരി: ആർ.ടി.എ മഞ്ചേരിയിൽ നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിൽ പ്രതിഷേധിച്ച് മഞ്ചേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ രണ്ട് ദിവസമായി നടത്തി വരുന്ന പണിമുടക്ക് അവസാനിച്ചു. ഇന്നുമുതൽ ഈ റൂട്ടിൽ ബസ് സർവ്വീസ് പുനരാരംഭിക്കും.
മാർച്ച് ഒന്നു മുതൽ നടപ്പിലാക്കിയ പരിഷ്കാരമനുസരിച്ച് ഈ റൂട്ടിൽ ഓടുന്ന ബസ്സുകൾ സീതി ഹാജി ബസ് ടെർമിനലിൽ നിന്ന് ആളെ കയറ്റുന്നത് പൊലീസ് വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് റൂട്ടിൽ ബസ് ഓടിയില്ല. തുടർന്ന് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ സാന്നിദ്ധ്യത്തിൽ ബസ് ഉടമകളും ജീവനക്കാരും നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ പണിമുടക്ക് ഇന്നലെയും തുടരുകയായിരുന്നു. ഇന്നലെ സമരസമിതി നേതാക്കൾ ജില്ലാ കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് പ്രശ്നം അവതരിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച ചർച്ച നടത്താമെന്ന് കളക്ടർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ ബസ് സർവീസ് പുനഃസ്ഥാപിക്കാൻ തൊഴിലാളികൾ തീരുമാനിച്ചു.