വളാഞ്ചേരി: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിലാണ് മണ്ഡലത്തിലെ മുനിസിപ്പൽ, പഞ്ചായത്ത് അദ്ധ്യക്ഷന്മാരേയും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരെയും പങ്കെടുപ്പിച്ചാണ് യോഗം ചേർന്നത്. വിവിധ കുടിവെള്ള പദ്ധതികൾ സംബന്ധിച്ച പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്തു.
ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ കുടിവെള്ള പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സാങ്കേതിക നടപടിക്രമങ്ങൾക്കുണ്ടാവുന്ന കാലതാമസം ഒഴിവാക്കണമെന്നും നടപടികൾ ലഘൂകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കുറ്റിപ്പുറം ജലനിധിക്ക് ആവശ്യമായ കാർത്തല ജംഗ്ഷനിലെ പൈപ്പ് ലൈൻ പണി ഒരാഴ്ചക്കകം പൂർത്തീകരിക്കും. പദ്ധതി സംബന്ധിച്ചുള്ള സാങ്കേതികത്വം പഞ്ചായത്ത്, എസ്.എൽ.ഇ.സി എന്നിവരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ആർ.ഡി.ഡിയെ ചുമതലപ്പെടുത്തി.
മാറാക്കര പഞ്ചായത്തിൽ തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ സാങ്കേതികത്വങ്ങൾ ഉടൻ പരിഹരിക്കാനും നടപടികളുണ്ടാകും. ഗുണ ഭോക്താക്കളുടെ എഗ്രിമെന്റ് വയ്ക്കുന്നത് വേഗത്തിലാക്കും. കോട്ടയ്ക്കൽ നഗരസഭയിലെ സമ്പൂർണ്ണ ഡി.പി.ആർ, ഡെപ്പോസിറ്റ് വർക്കുകൾ വേഗത്തിലാക്കും.ഒതുക്കുങ്ങൽ പൊന്മള കുടിവെള്ള പദ്ധതി ഉടൻ കമ്മിഷൻ ചെയ്യും. വളാഞ്ചേരിയിലെ ഉയർന്ന പ്രദേശത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികളാവിഷ്ക്കരിക്കും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, കോട്ടയ്ക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻ കുട്ടി , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഖദീജ പാറൊളി, ബി.ഡി.ഒ കെ. അജിത ,സിദ്ദീഖ് പരപ്പാര, സി.കെ.നാസർ, വഹീദ ബാനു, വി.പി. ഹുസൈൻ, മുഹമ്മദലി പള്ളിമാലിൽ, സലീം ചാപ്പനങ്ങാടി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.