പൊന്നാനി:ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് തുടങ്ങി. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. പൊന്നാനിയിൽ നിന്ന് പടിഞ്ഞാറെക്കരയിലേക്കാണ് സർവ്വീസ്. ഈ മേഖലയിലെ യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് ഇതോടെ പരിഹാരമാവുകയാണ്. കൊച്ചിൻ സർവ്വീസസിന്റെ ജങ്കാറാണ് പൊന്നാനിയിൽ സർവ്വീസ് നടത്തുന്നത്. 30 ടൺ ശേഷിയുള്ള ജങ്കാറിൽ 50 ആളുകൾക്കും 12 കാറുകൾക്കും ഒരേ സമയം യാത്ര ചെയ്യാം. കാലത്ത് ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ഒരു മണിക്കൂർ ഇടവിട്ട് സർവ്വീസ് നടത്തും. പൊന്നാനി– പടിഞ്ഞാറെക്കര ജങ്കാർ സർവീസ് 2013 ലാണ് നിറുത്തലാക്കിയത്.അഴിമുഖത്തെ ശക്തമായ തിരമാലയിൽ അന്ന് സർവീസ് നടത്തിയിരുന്ന അനധികൃത ചങ്ങാടം ഒഴുകിപ്പോവുകയായിരുന്നു.