പൊന്നാനി: 25 സെന്റ് സ്ഥലവും, മഴക്കുഴിയും,വളക്കുഴിയും, പച്ചക്കറി കൃഷിയും, ആടും, കോഴിയും, സോളാറുമുണ്ടൊ. എങ്കില്‍ പൊന്നാനിയിലെ വീടുകള്‍ ഇനി മുതല്‍ ഹരിത ഭവനങ്ങളാണ്. 14,500 രൂപ വാര്‍ഷിക സമ്മാനവും പൊന്നാനി നഗരസഭ നല്‍കും. നഗരസഭയുടെ നടപ്പു വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹരിത ഭവനം നടപ്പാക്കുന്നത്. പരിഗണിക്കുന്നത് അഞ്ച്ഘടകങ്ങളാണ്. 25 സെന്റ് സ്ഥലവും പുരയിടവുമാണ് അടിസ്ഥാന യോഗ്യത. ഇതില്‍ ശാസ്ത്രീയമായ തെങ്ങിന്‍ തടം, മഴവെള്ള സംഭരണി എന്നിവയാണ് ഒരു ഘടകം. വളക്കുഴി, മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ എന്നിവ രണ്ടാമത്തെ ഘടകം. പത്ത് സെന്റില്‍ പച്ചക്കറി കൃഷി അല്ലെങ്കില്‍ ടെറസ് കൃഷി. പശു, എരുമ, രണ്ട് ആട്, 30 കോഴി ഇവയില്‍ ഏതെങ്കിലുമൊന്ന്. എല്‍.ഇ.ഡി ബള്‍ബ് അല്ലെങ്കില്‍ സോളാര്‍ ഇവയാണ് അഞ്ചു ഘടകങ്ങള്‍.ഇവയെല്ലാമുള്ള വീടുകളെയാണ് ഹരിത ഭവനമായി പ്രഖ്യാപിക്കുക. ഒന്നോ, രണ്ടോ ഘടകങ്ങള്‍ കുറവുള്ളവയേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അഞ്ച് ഘടകങ്ങളുമുള്ള വീടുകള്‍ക്ക് 14,500 രൂപ സമ്മാനമായി നല്‍കും. നിര്‍ദ്ദേശിച്ച ഘടകങ്ങള്‍ കുറവുള്ളവയ്ക്ക് തുകയും കുറയും. കൃഷിയും പ്രകൃതിയും സംരക്ഷിക്കുന്ന വീടുകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഹരിത ഭവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
44 അപേക്ഷകളാണ് പദ്ധതിയിലേക്ക് ലഭിച്ചിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 വീടുകള്‍ തിരഞ്ഞെടുത്തു. പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച മാദ്ധ്യമപ്രവര്‍ത്തക വി.എന്‍. ദീപ നിര്‍വ്വഹിക്കും. പ്രകൃതിസംരക്ഷണവും കാര്‍ഷിക പ്രോത്സാഹനവും ലക്ഷ്യമിട്ട് പൊന്നാനി നഗരസഭ നടത്തുന്ന ശ്രദ്ധേയ പദ്ധതികളില്‍ മറ്റൊന്നായി ഇടം പിടിക്കുകയാണ് ഹരിത ഭവനം. നേരത്തെ കൃഷിഭൂമിയും കാവും കുളവും സംരക്ഷിക്കുന്നവര്‍ക്കായി നഗരസഭ ഗ്രീന്‍ റോയല്‍റ്റി നടപ്പാക്കിയിരുന്നു. പ്രകൃതിയുടെ ജൈവ ഘടന സംരക്ഷിച്ച് നിറുത്തുന്നതിന് പ്രതിവര്‍ഷം നിശ്ചിത തുകയാണ് ഗ്രീന്‍ റോയല്‍റ്റിയായി നല്‍കിയിരുന്നത്. പൊന്നാനിയുടെ കാര്‍ഷിക മേഖലയെ തിരിച്ചു കൊണ്ടുവരാന്‍ നടപ്പാക്കിയ പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതിയുടെ തുടര്‍ച്ചയെന്നോണമാണ് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.പുത്തന്‍ പദ്ധതികള്‍ പൊന്നാനിയുടെ കാര്‍ഷിക, പ്രകൃതിസംരക്ഷണ മേഖലയിലുണ്ടാക്കിയ ഉണര്‍വ് ശ്രദ്ധേയമാണ്