പൊന്നാനി: പൊന്നാനി വണ്ടിപ്പേട്ടയിൽ ജീർണിച്ച കെട്ടിടം തകർന്നു വീണു. ഒഴിവായത് വൻ ദുരന്തം. അങ്ങാടിയിൽ നിരവധി കെട്ടിടങ്ങൾ ഏതും നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണുള്ളത്. പൊന്നാനി ടൗണിലെ ചാണാ റോഡിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തകർന്നു വീണത്. കെട്ടിടത്തിന്റെ ഒരുഭാഗം മാസങ്ങൾക്കു മുമ്പാണ് തകർന്നത്. ഇതേ കെട്ടിടം മൂന്നാംതവണയാണ് തകർന്ന് വീഴുന്നത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് പ്രവർത്തിക്കുന്ന കടയിലെ ജീവനക്കാർ നോക്കിനിൽക്കേയാണ് പാതി തകർന്ന കെട്ടിടത്തിന്റെ ഒരുഭാഗം റോഡിലേക്ക് നിലംപൊത്തിയത്. ഈ സമയം ഇതുവഴി മറ്റു വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻദുരന്തമാണ് വഴിമാറി.
കെട്ടിടത്തിന്റെ ഓടും, കഴുക്കോലുമുൾപ്പെടെ റോഡിലേക്കാണ് വീണത്. കെട്ടിടത്തിൽ അഞ്ചോളം കടകളാണ് പ്രവർത്തിക്കുന്നത്. മാസങ്ങൾക്കു മുമ്പ് കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു വീണപ്പോൾ തന്നെ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് കെട്ടിട ഉടമ സന്നദ്ധമായിരുന്നെങ്കിലും ബിൾഡിംഗിലെ കടയുടമകൾ ഇതിനെതിരെ രംഗത്ത് വന്നു. നേരത്തെ കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി കടമുറികൾ മാറ്റണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യാപാരികൾ ഇതിനു തയ്യാറായില്ല. തുടർന്ന് ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് കേസും നിലനിൽക്കുന്നുണ്ട്. പൊന്നാനി അങ്ങാടിയിൽ മനുഷ്യജീവന് ഭീഷണിയായി നിരവധി കെട്ടിടങ്ങളാണ് നിലകൊള്ളുന്നത്. ഇത് പൊളിച്ചുനീക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതികളൊന്നും ഫലവത്തായില്ല. നൂറു കണക്കിന് വാഹനങ്ങളും, നിരവധി കാൽനടയാത്രക്കാരും നിരന്തരം കടന്നു പോവുന്ന അങ്ങാടിയിൽ ജീവനു ഭീഷണിയായി നിരവധി കെട്ടിടങ്ങളാണുള്ളത്. ഇത് പൊളിച്ചു മാറ്റണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.