വളാഞ്ചേരി: സാമൂഹ്യ പുരോഗതിക്ക് സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്ന് മന്ത്രി ഡോ.കെ.ടി. ജലീൽ. വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ആരംഭിച്ച മൈനോറിറ്റി യൂത്ത് കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം നേടുന്നതിലൂടെ ഉദ്യോഗസ്ഥലത്തിൽ ഉയർന്ന പദവികളിലേക്ക് നിരവധി സ്ത്രീകളാണ് എത്തുന്നത്. പത്തുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും. എന്നാൽ സ് മുന്നേറ്റത്തെ പുറകോട്ട് വലിക്കുന്ന പ്രതിലോമ ശക്തികളും പല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവ തരണം ചെയ്യാൻ സ്ത്രീകൾ ശക്തരാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയുടെ സബ് സെന്റർ വളാഞ്ചേരിയിൽ തുടങ്ങാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്കായി സർക്കാർ അർദ്ധ സർക്കാർ സർവീസുകളിൽ പ്രവേശിക്കുവാനുള്ള മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനുള്ള കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിലെ അഞ്ചാമത്തെ സെന്ററാണ് വളാഞ്ചേരിയിലേത്. പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ. റുഫീന, തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ വി.പി.സക്കറിയ, ടി.പി.അബ്ദുൽ ഗഫൂർ, പി.പി. ഹമീദ്, ഡോ. എൻ.എം. മുജീബ് റഹ്മാൻ, ഹുസൈൻ രണ്ടത്താണി, കെ.പി. ശങ്കരൻ, പാറശ്ശേരി അസൈനാർ, അഷ്‌റഫലി കാളിയത്ത്, കെ.കെ. ഫൈസൽ തങ്ങൾ, ഡോ: ക്യാപ്റ്റൻ അബ്ദുൽ ഹമീദ് സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി സ്വാഗതവും പ്രൊഫ: കെ.പി. ഹസ്സൻ നന്ദിയും പറഞ്ഞു.