വളാഞ്ചേരി. വഴിയരികിൽ നിന്ന് ലഭിച്ച പണവും സ്വർണ്ണാഭരങ്ങളുമടങ്ങിയ ബാഗ് ഉടമസ്ഥർക്ക് തിരിച്ചേൽപ്പിച്ചു മാതൃകയായി വളാഞ്ചേരിയിലെ പൊലീസുകാർ. കഴിഞ്ഞ ദിവസം പെട്രോളിങ്ങിനിടയാണ് വളാഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ. എൻ.ടി.ശശി, പൊലീസ് ഡ്രൈവർ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ സജിമോൻ, ശ്യാം കുമാർ എന്നിവർക്ക് ബാഗ് ലഭിച്ചത്. ബാഗിൽ പണത്തിനും സ്വർണ്ണാഭരണങ്ങൾക്കും പുറമെ മൊബൈൽ ഫോണും മറ്റു വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. മൊബൈലിൽ നിന്നും ലഭിച്ച നമ്പറിൽ അന്വോഷിച്ചപ്പോഴാണ് കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശികളുടേതാണ് ബാഗ് എന്ന് അറിഞ്ഞത്. എടപ്പാളിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സക്ക് വന്ന മുഹമ്മദ് ഷാഹിദിന്റേതായിരുന്നു ബാഗ്. യാത്രക്കിടെ ഇന്നോവ കാറിൽ നിന്നും താഴെ വീണതായിരുന്നു പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ്. ബാഗ് തിരിച്ചുകിട്ടിയ വിവരമറിഞ്ഞു മുഹമ്മദ് ഷാഹിദും കുടുംബവും ചങ്ങരംകുളം സ്റ്റേഷനിൽ എത്തി എ.എസ്.ഐ. ശശിയടക്കമുള്ള പൊലീസ് സംഘത്തോട് നന്ദി അറിയിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്.