വയനാട് മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥിയായി പി.പി. സുനീറിനെ സി.പി.ഐ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയേ അന്തിമ പ്രഖ്യാപനമുണ്ടാവൂ. എൽ.ഡി.എഫിലെ സീറ്റ് വിഭജനവും ഔദ്യോഗികമായി പൂർത്തിയാക്കേണ്ടതുണ്ട്. എങ്കിലും നിലവിലെ പട്ടികയിൽ മാറ്റത്തിനുള്ള സാദ്ധ്യത വിരളമാണ്.
പി. ഉണ്ണിക്കൃഷ്ണനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനിടയായ സാഹചര്യത്തെ തുടർന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിയായി സുനീർ തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പി.പി. സുനീറിന്റെ പേര് സംസ്ഥാനനേതൃത്വത്തിന് സമർപ്പിച്ചത്. ജില്ലാ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനവും മലപ്പുറത്ത് നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനം വൻവിജയമാക്കാനായതും സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന് ശക്തിപകർന്നു.
മണ്ഡലത്തിന്റെ രാഷ്ട്രീയ ഭൂമികയിലുണ്ടായ മാറ്റങ്ങൾ ഇത്തവണ ഇടതുപക്ഷത്തിന്റെ വിജയത്തിന് വഴിവയ്ക്കുുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുനീർ. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷമേ സ്ഥാനാർത്ഥിത്വത്തെപ്പറ്റി സംസാരിക്കാനാവൂ എന്ന മുഖവുരയോടെ ഇടതുപക്ഷത്തിന്റെ മണ്ഡലത്തിലെ സാദ്ധ്യതകളെക്കുറിച്ച് സുനീർ കേരളകൗമുദിയുമായി സംസാരിച്ചു.
വിജയപ്രതീക്ഷയുണ്ടോ?
തീർച്ചയായും . ഇത്തവണ സാഹചര്യങ്ങൾ ഇടതുപക്ഷത്തിന് വലിയ തോതിൽ അനുകൂലമാണ്. എൽ.ഡി.എഫിന് മണ്ഡലത്തിൽ വലിയ ്രതീക്ഷയാണുള്ളത്.
എൽ.ഡി.എഫിന് വിജയപ്രതീക്ഷ തരുന്ന ഘടകങ്ങളെന്താണ്?
വയനാട് ലോക്സഭാ മണ്ഡലത്തിൽ കാര്യമായ വികസനമൊന്നും നടന്നിട്ടില്ല. ഒരു എം.പിയുടെ സാന്നിദ്ധ്യം ഇവിടെയില്ലായിരുന്നു എന്നു തന്നെ പറയാം. മരിച്ചയാളെ കുറ്റം പറയുകയല്ല. അദ്ദേഹത്തിന് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ മത്സരിപ്പിച്ച പ്രസ്ഥാനത്തിന് ഒരു ഉത്തരവാദിത്വമുണ്ടല്ലോ. അത് നിറവേറപ്പെട്ടില്ല. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്നതിൽ ആ പ്രസ്ഥാനം പരാജയപ്പെട്ടു. അതിന്റെ അതൃപ്തി ജനങ്ങൾക്കുണ്ട് . ഇത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും
രാഷ്ട്രീയമായും മണ്ഡലത്തിൽ മാറ്റം വന്നിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളുടെ കാര്യമെടുത്താൽ നാലെണ്ണം എൽ.ഡി.എഫിനൊപ്പമാണ്. മുനിസിപ്പാലിറ്റികളും കൂടുതൽ എൽ.ഡി.എഫിനൊപ്പം തന്നെ
സംസ്ഥാന സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതലായി ഇടതുപക്ഷത്തോടടുപ്പിച്ചിട്ടുണ്ട്. ഇതും ഗുണം ചെയ്യും.
വയാട്ടിലെയും കോഴിക്കോട്ടെയും നിയമസഭാ മണ്ഡലങ്ങളിൽ അപരിചിതത്വം താങ്കൾക്ക് ദോഷം ചെയ്യുമോ?
സ്ഥാനാർത്ഥി മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളാണോഎന്നുള്ളത് ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശ്നമാവില്ല. നിലവിലുണ്ടായിരുന്ന എം.പിയും പുറത്തുനിന്നുള്ള ആളായിരുന്നല്ലോ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ടാവില്ല.
ദേശീയരാഷ്ട്രീയത്തിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്, ഇടതുപക്ഷത്തിന് പ്രസക്തിയില്ല എന്നാണ് കോൺഗ്രസ് പ്രചാരണം?
2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തൂത്തുവാരിയില്ലേ. ജനങ്ങൾക്കറിയാം ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണെന്ന്. മതേതരശക്തികളെ യോജിപ്പിച്ച് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിൽ ഇടതുപക്ഷം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം സർക്കാരുകളെ തുരങ്കം വയ്ക്കുന്ന ജോലിയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിൽ നിന്നല്ലേ ബി.ജെ.പിയിലേക്ക് നേതാക്കൾ ഒഴുകുന്നത്. ഇടതുപക്ഷത്തു നിന്നല്ലല്ലോ.
ഏതെല്ലാം വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ സി.പി.ഐ ഉന്നയിക്കുക?
മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ എൽ.ഡി.എഫ് ഉയർത്തിക്കാട്ടും. നഞ്ചൻകോട് റെയിൽവേ പ്രശ്നം, രാത്രിയാത്രാ പ്രശ്നം എന്നിവ ഇവയിൽ പ്രധാനമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തുമെല്ലാം കോൺഗ്രസ് ഗവൺമെന്റുകളുണ്ടായപ്പോഴും ഒന്നും ചെയ്യാനായില്ല. എം.പിയും കോൺഗ്രസിൽ നിന്നായിരുന്നു. എൽ.ഡി.എഫിനേ ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ.
പ്രചാരണം എപ്പോൾ തുടങ്ങും?
ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം പ്രചാരണം അരംഭിക്കും.
മണ്ഡലം
ജില്ലയിൽ നിന്ന് നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജകമണ്ഡലങ്ങളും വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട്ടെ തിരുവമ്പാടി നിയോജകമണ്ഡലങ്ങളുമാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
നിലമ്പൂർ, കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണ്.
സുൽത്താൻ ബത്തേരിയിലും വണ്ടൂരിലും കോൺഗ്രസും ഏറനാട്ടിൽ മുസ്ലിം ലീഗുമാണ്.
സി.പി.ഐയുടെ പ്രതീക്ഷ
കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് 37,123 വോട്ട് നേടിയ പി.വി. അൻവർ നിലവിൽ നിലമ്പൂരിലെ ഇടതുപക്ഷ എം.എൽ.എയാണ്.
വിരേന്ദ്രകുമാർ യു.ഡി.എഫ് വിട്ടതും എസ്.സി, എസ്.ടി വോട്ടുകൾ നിർണ്ണായകമായ മണ്ഡലത്തിൽ സി.കെ. ജാനുവിനെ കൂടെനിറുത്താൻ കഴിഞ്ഞതും സാദ്ധ്യതകൾ അനുകൂലമാക്കും.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വയനാട്ടെ നിയോജക മണ്ഡലങ്ങളിൽ ആറായിരത്തോളം വോട്ടിന്റെ മേൽക്കോയ്മ നേടാൻ കഴിഞ്ഞതായും സി.പി.ഐ അവകാശപ്പെടുന്നു.
2009
എം.ഐ. ഷാനവാസ് 4,10,703
അഡ്വ. എം. റഹ്മത്തുള്ള 2,57,264
ഭൂരിപക്ഷം 1,53,439
2014
എം.ഐ ഷാനവാസ് 3,77,035 സത്യൻമൊകേരി 3,56,165 ഭൂരിപക്ഷം 20870