പി.എം. രാംമോഹൻ
നിലമ്പൂർ: ആധുനിക സൗകര്യങ്ങളോടെയും പുതിയ രൂപഭാവത്തിലും പ്രവർത്തന സജ്ജമായി കരുളായി നെടുങ്കയത്തെ ഗവ.ട്രൈബൽ ബദൽ സ്കൂൾ. കുട്ടികൾക്ക് കൗതുകമാകും വിധം തീവണ്ടിയുടെ രൂപമാതൃകയിലാണ് കെട്ടിടം തയ്യാറാക്കിയിരിക്കുന്നത്. പി.വി.അബ്ദുൾ വഹാബ് എം.പിയുടെ ഇടപെടലിലൂടെയാണ് ആദ്യമായി ട്രൈബൽ മേഖലയിൽ ഇത്തരത്തിലൊരു ബദൽ സ്കൂളൊരുങ്ങുന്നത്.
ഈ സ്കൂളിൽ എല്ലാം കാഴ്ചകളാണ്. കളിമുറ്റത്തിന് അതിരിടുന്നത് കളർ പെൻസിലുകളെ പോലെയുള്ള ചെറുതൂണുകളാണ്. തൊട്ടടുത്ത് ഒരു കുടിൽ തയ്യാറാവുന്നു. നാല് ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂമും ഓഫീസ് റൂമും ഉള്ള പ്രധാന കെട്ടിടം കണ്ടാൽ തീവണ്ടി നിറുത്തിയിട്ടിരിക്കുകയാണെന്നേ തോന്നൂ. ഓരോ ക്ലാസ് മുറിയിലും ഓരോ വിദ്യാർത്ഥിക്കം പ്രത്യേക ഇരിപ്പിടവും മേശയും. കൈ കഴുകാനായി ടാപ്പുകൾ സ്ഥാപിച്ചത് നെടുകെ പിളർന്ന തേക്കുതടിയുടെ മാതൃകയിൽ. എല്ലാ സൗകര്യങ്ങളോടും കൂടിയ കളിസ്ഥലവും സജ്ജം. ആധുനിക സൗകര്യമുള്ള പൊതുവിദ്യാലയത്തോട് കിട പിടിക്കുന്ന തരത്തിലുള്ളതാണ് കാടിന്റെ മക്കൾക്കായുള്ള ഈ ഏകാദ്ധ്യാപക വിദ്യാലയം.
സൗകര്യങ്ങളില്ലാതെ നടന്നു വരികയായിരുന്ന ഈ വിദ്യാലയത്തിന് പുതുമോടി വന്നത് പി.വി.അബ്ദുൾ വഹാബ് എം.പി സൻസദ് ആദർശ് ഗ്രാമ പദ്ധതിയിൽ കരുളായിയെ കൂടി ഉൾപ്പെടുത്തിയതോടെയാണ്. സ്ഥലം അനുവദിച്ചാൽ പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാമെന്ന ഘട്ടം വന്നതോടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഒരു വർഷം മുമ്പേ കെട്ടിടം നിർമ്മാണം പൂർത്തിയായിരുന്നു. പിന്നീട് മാസങ്ങൾക്കു മുമ്പാണ് ചേളാരി സ്വദേശി നൗഫലിന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിന് പുതിയ ഭാവം വരുത്തിയത്. 70 ലക്ഷം രൂപ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനായി ചെലവിട്ടു. കെട്ടിടത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് എം.പി. നിർവ്വഹിക്കും.