കെ. വി . നദീർ
പൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഏത് നിമിഷവും തകർന്നു വീഴാവുന്ന തരത്തിൽ ബലക്ഷയം നേരിടുന്നതുമായ പൊന്നാനി അങ്ങാടിയിലെ കെട്ടിടങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ഒരു ദുരന്തം വന്നെത്തണോ എന്ന സംശയത്തിലാണ് നാട്ടുകാർ. ദ്രവിച്ച കെട്ടിടങ്ങൾ തകർന്നു വീഴുന്നത് പതിവാകുമ്പോൾ അപകടങ്ങളും ദുരന്തങ്ങളും ഭാഗ്യത്തിന്റെ ദാക്ഷിണ്യത്തിലാണ് വഴിമാറുന്നത്.
വിഷയത്തിൽ നഗരസഭ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ ശക്തമായ വിമർശനമുയരുന്നു. ഏത് നിമിഷവും തകർന്നു വീഴാവുന്ന ഒരു ഡസനിലേറെ കെട്ടിടങ്ങളാണ് അങ്ങാടിയിലുള്ളത്.
വണ്ടിപ്പേട്ടയിലെ തകർന്ന കെട്ടിടത്തിന്റെ ഭാഗം കഴിഞ്ഞ ദിവസം റോഡിൽ തിരക്കേറിയ ഭാഗത്തേക്ക് തകർന്ന് വീണിരുന്നു. മുൻപും പലതവണ പഴക്കം ചെന്ന കെട്ടിടങ്ങൾ തകർന്നു വീണിരുന്നെങ്കിലും ഭാഗ്യത്തിന് അപായമുണ്ടായില്ല.
ഏറെ കൊട്ടിഘോഷിച്ച് തുടക്കമിട്ട പൊന്നാനി അങ്ങാടി വികസനത്തിൽ നിന്ന് നഗരസഭ പിൻവാങ്ങുകയായിരുന്നു. അങ്ങാടിയിലെ പഴക്കംചെന്നതും കാലഹരണപ്പെട്ടതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകളും വ്യാപാരികളും സ്വയം സന്നദ്ധമാകാത്തതാണ് കാരണം. ബലക്ഷയമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നഗരസഭയെ നിയമക്കുരുക്കിലാക്കുമെന്ന വിദഗ്ദ്ധോപദേശവും നടപടിയില്ലാതാക്കി.
കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റിയും റോഡ് വികസനം യാഥാർത്ഥ്യമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.ഇതിനായി സമവായം രൂപപ്പെടുത്താൻ കെട്ടിട ഉടമകളുടേയും വ്യാപാരികളുടേയും യോഗം നിരന്തരം വിളിച്ചു ചേർക്കുകയും അനുകൂല തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു.എന്നാൽ കുറച്ചു പേരേ കെട്ടിടങ്ങൾ പൊളിക്കാൻ തയ്യാറായുള്ളൂ. യോഗതീരുമാനത്തിന് വിരുദ്ധമായി വ്യാപാരികളിലും ഉടമകളിലും ചിലർ നിലപാടെടുത്തതോടെ നഗരസഭ പിന്മാറി.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളുടെ ലൈസൻസ് പുതുക്കി നൽകില്ലെന്ന തീരുമാനം കർക്കശമായി നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം.നിലവിൽ അഞ്ചിൽ താഴെ കെട്ടിടങ്ങളാണ് നഗരസഭയുമായുള്ള ധാരണ പ്രകാരം റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കിയത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നിർമ്മിക്കുന്ന കാര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നഗരസഭ സർക്കാരിൽ നിന്ന് ഇളവു നേടിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
ചാണ റോഡ് മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളുടെ വിവരം നഗരസഭ ശേഖരിച്ചിരുന്നു. ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നായിരുന്നു തീരുമാനം.
ഇവ പൊളിച്ചുനീക്കാൻ ഉടമകളോട് നിയമപരമായി ആവശ്യപ്പെടാനും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കൽ നടപടിയുമായി മുന്നോട്ടു പോകാനുമാണ് നഗരസഭ തീരുമാനിച്ചത്. എന്നാൽ ഇതൊന്നും നടപ്പിലായില്ല.
അങ്ങാടിയിലെ ബലക്ഷയം നേരിടുന്ന 11 കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.
അങ്ങാടിയിലെ പല കെട്ടിടങ്ങളും സ്വത്തുതർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി വ്യവഹാരം നേരിടുന്നവയാണ്. കെട്ടിടങ്ങൾ സമവായത്തിലൂടെയല്ലാതെ പൊളിച്ചുനീക്കാൻ ഇവ തടസമാണ്.