മലപ്പുറം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിവിധ സർക്കാർ വകുപ്പുകളിലെ അലംഭാവം തുടർക്കഥയായതോടെ കഴിഞ്ഞ വർഷം ജില്ലയിൽ പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചത് 1,500 പേർക്ക് മാത്രം. ജില്ലാ പി.എസ്.സി ഓഫീസ് വഴി നിയമന ശുപാർശ ലഭിച്ചവരാണിവർ. ഹെഡ്, റീജ്യണൽ ഓഫീസുകൾ വഴിയുള്ള നിയമനം കണക്കിലെടുത്താലും ഇത് 2,000 കടക്കില്ലെന്ന് വിവിധ റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
ജീവനക്കാർ വിരമിക്കുന്നത് മൂലമുണ്ടാകുന്ന ഒഴിവുകൾ ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളും യഥാസമയം പി.എസ്.സിയെ അറിയിക്കണമെന്ന് വകുപ്പ് മേധാവികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ജനുവരി, മാർച്ച്, ജൂൺ മാസങ്ങളിൽ ജില്ലയിലെ പ്രധാന ഓഫീസുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ പരിശോധന നടത്തി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ടും ചെയ്തിരുന്നു. നിയമനങ്ങൾ ത്വരിതപ്പെടുത്താനും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ കൃത്യതയും പുരോഗതിയും വിലയിരുത്താനുമായി സർക്കാർ പ്രത്യേക സോഫ്റ്റുവെയറും പുറത്തിറക്കി. തുടർന്നുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ സോഫ്റ്റുവെയർ വഴി സർക്കാരിനെ അറിയിക്കാനും നിർദ്ദേശിച്ചു. എന്നാൽ പിന്നീട് പരിശോധനകൾ നടക്കാതായതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുമേധാവികൾ തയ്യാറാവുന്നില്ല. പി.എസ്.സി വികസിപ്പിച്ച ഇ- വേക്കൻസി സോഫ്റ്റുവെയർ മുഖേന ഒഴിവുകൾ പി.എസ്.സിക്ക് ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പുകളോട് ശുപാർശ ചെയ്തിരുന്നെങ്കിലും ഇതിലും നടപടിയില്ല.
തകരുന്ന സ്വപ്നം
വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകളും ഇതിലേക്ക് റാങ്ക് ലിസ്റ്റുകളും നിലനിൽക്കെയാണ് വകുപ്പ് മേധാവികളുടെ നിലപാടിനെ തുടർന്ന് ഉദ്യോഗാർത്ഥികളുടെ ജോലിയെന്ന സ്വപ്നം ഇല്ലാതാവുന്നത്.
2018 ജനുവരിയിൽ 223 പേർക്ക് നിയമന ശുപാർശ ലഭിച്ചപ്പോൾ ഡിസംബറിലിത് 140 ആയി കുറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് - 229.
നിയമനങ്ങൾ ഇങ്ങനെ
ജനുവരി - 223
ഫെബ്രുവരി - 141
മാർച്ച് - 162
ഏപ്രിൽ 108
മേയ് - 174
ജൂൺ - 702
ജൂലായ് - 182
ആഗസ്റ്റ് - 107
സെപ്തംബർ - 76
ഒക്ടോബർ - 74
നവംബർ - 229
ഡിസംബർ -140