seminar
വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ കേരളകൗമുദി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സെമിനാർ എം.എസ്.പി. ഡെപ്യുട്ടി കമൻഡാന്റ് കുരികേശ് മാത്യു ഉദ്ഘാടനം ചെയ്യുന്നു

വളാഞ്ചേരി: സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും വേണമെന്ന് എം.എസ്.പി. ഡെപ്യുട്ടി കമൻഡാന്റ് കുരികേശ് മാത്യു പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ കേരളകൗമുദി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ സമൂഹത്തിൽ വളരെയേറെ മുൻപന്തിയിലെത്തിയ പുതിയകാലത്തും അവർക്കെതിരായ അതിക്രമങ്ങൾ നിലനിൽക്കുന്നുണ്ട്. വീട്ടിലായാലും പുറത്തായാലും അതിക്രമത്തിനും അധിക്ഷേപത്തിനുമെതിരെ ധീരമായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ഡോ: സി. അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. എജ്യു പ്ലാനറ്റ് ഇന്റർനാഷണൽ സ്ഥാപന മേധാവി ഡോ: ഉമ്മർ മലയിൽ, പി.ജി. അക്കാദമി ചെയർമാൻ പി.പി. അബ്ദുൾ റഹ്മാൻ, പാരമ്പര്യ വൈദ്യൻ ഹാജി എ.കെ. കുട്ടി വൈദ്യർ എന്നിവർക്ക് കുരികേശ് മാത്യു ഉപഹാരം നൽകി. കോളേജ്‌ ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ ഡോ: സി. രാജേഷ് പ്രസംഗിച്ചു. ഡോ: പ്രീതി അലക്‌സ് സ്വാഗതവും പ്രൊഫ: ശ്രീജ ലക്ഷ്മി നന്ദിയും പറഞ്ഞു. സ്ത്രീ സുരക്ഷാ വിഷയത്തിൽ ഭൂമിക കോ-ഓർഡിനേറ്റർ എം.എസ്. ഷംസിയ ക്ലാസ്സെടുത്തു.