മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യം മുസ്ലിംലീഗ് ശക്തമാക്കിയിരിക്കെ അനുനയവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വൈകിട്ട് പാണക്കാട്ടെത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മൂന്നാംസീറ്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാര സമിതി യോഗം ചേരാനിരിക്കെയാണ് സന്ദർശനം. മൂന്നാംസീറ്റിൽ വിട്ടുവീഴ്ച്ച ചെയ്യാൻ യു.ഡി.ഫ് ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് ചില ബദൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഉന്നതാധികാര സമിതി ചർച്ച ചെയ്യും. സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസ്, ലീഗ് നേതാക്കൾ രണ്ടിലധികം തവണ ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ല. യു.ഡി.എഫിലെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഒമ്പതിന് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷമാവും ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. എന്നാൽ, അന്നേ ദിവസം തന്നെ പ്രഖ്യാപനമുണ്ടാവുമെന്ന് ഉറപ്പു പറയാനാകില്ല. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ലീഗ് മത്സരിക്കും. ഇക്കാര്യത്തിൽ ഡി.എം.കെയുമായി ധാരണയായെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.